തിരുവനന്തപുരം: ഭാരതത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം നേപ്പാള്‍ സ്വദേശിനിയുടെ ശരീരത്തില്‍ കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയം തുടിക്കും. നേപ്പാള്‍ സ്വദേശി ദുര്‍ഗ എന്ന പെണ്‍കുട്ടിക്കാണ് വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ(47) ഹൃദയം മാറ്റിവയ്ച്ചത്. ഷിബുവിന്റെ ഹൃദയം എയര്‍ ആംബുലന്‍സിലാണ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ എത്തിച്ചത്. കൊച്ചി ജനറല്‍ ആശുപത്രിയിലായിരുന്നു മാറ്റിവയ്‌ക്കല്‍ ശസ്ത്ര ക്രിയ നടന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്.
അനാഥയായ നേപ്പാള്‍ സ്വദേശി കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഹൃദയം മാറ്റിവയ്‌ക്കുന്നത്. ദുര്‍ഗയുടെ ഒരു അനുജന്‍ മാത്രമേയുള്ളൂ. പാരമ്പര്യമായ ഹൃദ്രോഗം കാരണം അമ്മയും മൂത്ത സഹോദരിയും നേരത്തെ മരണമടഞ്ഞു. ദുര്‍ഗയ്‌ക്കും ഹൃദയ സംബന്ധമായ അസുഖമാണ്. സംരക്ഷണത്തിന് ആരുമില്ലാത്തതിനാല്‍ പെണ്‍കുട്ടിയും സഹോദരനും കഴിഞ്ഞിരുന്നത് നേപ്പാളിലെ അനാഥാലയത്തിലാണ്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് അവരെ ചികിത്സയ്‌ക്കായി കേരളത്തിലെത്തിച്ചത്.
മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവിന്റെ ഏഴ് അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേയും ഒരു വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലേയും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയും രണ്ട് നേത്രപടലങ്ങള്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയിലേയും രോഗികള്‍ക്ക് നല്‍കി. ഇതുകൂടാതെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച സ്‌കിന്‍ ബാങ്കിലേക്ക് ഷിബുവിന്റെ ചര്‍മവും നല്‍കി. ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടറില്‍ ആണ് ഹൃദയം എറണാകുളത്തേക്ക് കൊണ്ട് പോയത്.
കഴക്കൂട്ടത്ത് ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന ഷിബു വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുന്ന വഴി ഡിസംബര്‍ 14ന് വൈകിട്ട് 6.30ന് കൊല്ലം ജില്ലയിലെ മൂക്കാട്ട്കുന്നില്‍ സ്‌കൂട്ടറില്‍ നിന്ന് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി ഡിസംബര്‍ 15ന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി.
ഡിസംബര്‍ 21ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. അമ്മ ശകുന്തള. സഹോദരങ്ങള്‍: ഷിജി എസ്, സലീവ് എസ്.
















