മണ്ഡല കാലത്ത് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന മന്ത്രം സ്വാമി ശരണം എന്നാണ്. പ്രാര്‍ത്ഥനാ നിര്‍ഭരമായ സ്വാമി ശരണം എന്ന വാക്യം ധര്‍മ്മ ശാസ്താവിന്റെ ആരാധനയക്ക് കീര്‍ത്തിതമാണെന്നും ഋഷിമാരും ഗുരുക്കന്മാരും നിര്‍ദേശിച്ചതാണെന്നുമാണ് വിശ്വാസം.
അയ്യപ്പനെപ്പറ്റി എന്തു ചിന്തിക്കുമ്പോഴും ആദ്യം വരുന്ന വാക്കാണ് സ്വാമി ശരണം. ഇതിലെ സ്വാ എന്ന പദം ഉച്ചരിക്കുന്ന മാത്രയില്‍ പരബ്രഹ്‌മത്താല്‍ തിളങ്ങുന്ന ആത്മബോധമാണ് പ്രതിഫലിക്കുക. മ ശിവനെയും ഇ ശക്തിയേയുമാണ് സൂചിപ്പിക്കുന്നത്. ഇവ രണ്ടും ചേര്‍ന്ന് മി ആകുമ്പോള്‍ ശിവശക്തി സാന്നിധ്യമായി.
ശരണം എന്ന വാക്കിലെ ആദ്യാക്ഷരമായ ശ ഉച്ചാരണ മാത്രയില്‍ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്. അഗ്നിയെ ജ്വലിപ്പിക്കുന്ന ര ജ്ഞാനത്തെ സൂചിപ്പിക്കുന്നു. ണം എന്ന ശബ്ദം എല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു. അങ്ങനെ നോക്കുമ്പോള്‍ ഭക്തരില്‍ എളിമ വിരിയിക്കുന്ന വാക്കാണ് സ്വാമിശരണം എന്നു കാണാം.
സത്യമായ പതിനെട്ടാം പടി കയറി ഹരിഹരാത്മജനെ കാണാന്‍ എത്തുന്ന ഭക്തന്‍ വിനയമുള്ളവനും അഹന്ത വെടിഞ്ഞവനുമാകണം. അതാണ് സ്വാമി ശരണം വിളിയുടെ പൊരുള്‍.
സ്വാമിയേ അയ്യപ്പോ
സ്വാമിശരണം അയ്യപ്പശരണം
എന്നുതുടങ്ങി അനേകം ശരണഘോഷങ്ങള്‍ തുടര്‍ച്ചയായി മുഴക്കിയാണ് ശബരിമലയിലേക്കുള്ള ഭക്തരുടെ യാത്ര.
ഉച്ചത്തില്‍ തുടര്‍ച്ചയായി ശരണം വിളിക്കുമ്പോള്‍ വായുവിനെഉള്ളിലേക്ക് വലിക്കുന്നത് കൊണ്ട് മനസ്സിനെന്നെ പോലെ ശരീരത്തിനും ചില പ്രത്യേകതകളുണ്ടാകും.
ഉച്ചത്തില്‍ ശരണം വിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് എടുക്കുന്നത് വലിയ ഉന്മേഷമുണ്ടാക്കും.
മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കുവരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണം വിളി ഇല്ലായ്‌മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും.
ശരണം വിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതു പോലെ മനസ്സിലെ ദുഷ്ടചിന്തകളെയും അകറ്റുന്നു.
(ശബരിമല വിജ്ഞാന കോശം എന്ന ഗ്രന്ഥത്തില്‍ നിന്ന്)















