വിശാഖപട്ടണം: നാട്ടിലെത്തിയ ശ്രീലങ്കന്‍ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീമിനെതിരെ ഭാരതത്തിന് ഇന്ന് രണ്ടാം അങ്കം. അഞ്ച് മത്സര പരമ്പരയിലെ ആദ്യ കളിയില്‍ ഞായറാഴ്‌ച്ച ഭാരതം തകര്‍പ്പന്‍ വിജയം നേടിയിരുന്നു. ഇന്നത്തെ കളി കൂടി കഴിഞ്ഞാല്‍ ബാക്കി മൂന്ന് മത്സരങ്ങളും നടക്കുന്നത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്.
ആദ്യ മത്സരത്തില്‍ ഭാരത ബൗളര്‍മാരുടെ കണിശമായ പ്രകടനവും ജെമീമ റോഡ്രിഗസിന്റെ അര്‍ദ്ധ സെഞ്ചുറി പ്രകടനവും ഭാരത വിജയം ഉറപ്പാക്കി. വിശാഖപട്ടണം എസിഎ-വിസിഡിഎ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ എട്ട് വിക്കറ്റ് വിജയമാണ് ഭാരത വനിതകള്‍ കൈവരിച്ചത്. ആദ്യ മത്സരത്തിലെ ഭാരത ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. അന്ന് അരങ്ങേറ്റം കുറിച്ച പുതുമുഖ സ്പിന്‍ ബൗളര്‍ വൈഷ്ണവി ശര്‍മ്മ ഇന്നും കളിക്കും. അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റുകളൊന്നും വീഴ്‌ത്തിയില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വലിയ പിശുക്കുകാട്ടി വൈഷ്ണവി ശ്രദ്ധ പിടിച്ചുപറ്റി. പരമ്പരയില്‍ ഭാരതം നിലിവല്‍ 1-0ന് മുന്നിലാണ്. ഇന്നത്തെ രണ്ടാം മത്സരവും ആദ്യ കളി നടന്ന അതേ സ്റ്റേഡിയത്തിലാണ്. വൈകീട്ട് ഏഴ് മുതലാണ് മത്സരം.
മൂന്നാം മത്സരം മുതല്‍ എല്ലാ കളികളും കാര്യവട്ടത്താണ് നടക്കുക. ഡിസംബര്‍ 26നാണ് ആദ്യ മത്സരം. 24ന് ഇരു ടീമുകളും തിരുവന്തപുരത്തെത്തുമെന്നാണ് കണക്കാക്കുന്നത്. 28ന് ഗ്രീന്‍ഫീല്‍ഡിലെ രണ്ടാം മത്സരം നടക്കും. 30ന് നടക്കുന്ന പരമ്പരയിലെ അഞ്ചാം മത്സരത്തോടെ ശ്രീലങ്കന്‍ വനിതകളുടെ ഭാരത പര്യടനം അവസാനിക്കും.












