നമ്മൾ ‘സമാന്തര സിനിമ’ അല്ലെങ്കിൽ ‘മിഡിൽ സിനിമ’ എന്ന് പറയുന്ന സിനിമകൾ ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയായി മാറുമ്പോൾ, ശ്രീനിവാസന്റെ സിനിമകൾ ഒരു പടി കൂടി കടന്ന് ‘സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി’ എന്ന രീതിയിലാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. അതുപോലെതന്നെ സന്ദേശം എന്ന സിനിമയെക്കുറിച്ച് നമ്മൾ എല്ലാവരും ഒത്തിരി ചർച്ച ചെയ്തിട്ടുണ്ട്. “പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്” എന്ന് അദ്ദേഹം അതിൽ പറഞ്ഞു. അതിന് കാരണം എന്താണ്? പോളണ്ടിൽ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചാൽ പല സഖാക്കന്മാർക്കും, മിക്ക സഖാക്കന്മാർക്കും, അതിനെപ്പറ്റി അറിയില്ല. എന്താണ് പോളണ്ടിൽ സംഭവിച്ചതെന്നുള്ളത് ആർക്കും മനസ്സിലായിട്ടില്ല; പിന്നെ അതറിയുന്ന സഖാക്കന്മാരാകട്ടെ മിണ്ടുകയുമില്ല.
പോളണ്ട് യൂറോപ്പിലെ ഒരു വലിയ രാജ്യമായിരുന്നു. പിന്നീട് സോവിയറ്റ് യൂണിയൻ ചേരിയിലോട്ട് പോകുന്ന സമയത്ത് അവിടെയുള്ള വിശ്വാസികൾക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങൾ – കമ്മ്യൂണിസ്റ്റ് ഭരണം വന്നപ്പോഴത്തേക്ക് – എല്ലാം അടിച്ചമർത്തപ്പെട്ടു. ബ്രഷ്‌നെവ് കാലം കഴിഞ്ഞ് ഗോർബച്ചോവ് അധികാരത്തിലെത്തിയപ്പോൾ അവിടെ കുറച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹം നിർബന്ധിതനായി. അതിന് പ്രധാന കാരണം, പോപ്പ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയായിരുന്ന കാലത്ത്, അദ്ദേഹം പോളണ്ടിൽ നിന്നുള്ളവൻ ആയിരുന്നു എന്നതാണ്. അദ്ദേഹത്തിന്റെ ജന്മദേശം പോളണ്ടായിരുന്നു. അദ്ദേഹം അവിടെ സന്ദർശിക്കുകയും മതവിശ്വാസികൾക്ക് പ്രത്യാശ നൽകുകയും ചെയ്തു. അതിനെത്തുടർന്ന് അവിടെ ഒരു സോളിഡാരിറ്റി മൂവ്മെന്റ് 1980-കളുടെ തുടക്കത്തിൽ രൂപപ്പെട്ടു.
തുടർന്ന് അത് പോളണ്ടിലെ ഏറ്റവും വലിയ നോൺ-കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയ പ്രസ്ഥാനമായി മാറി. അതിന് വലിയ സംഭാവന ചെയ്തതു അവിടുത്തെ സാധാരണ ജനങ്ങളാണ്. പിന്നീട് വലിയ തോതിൽ വെസ്റ്റിന്റെയും കത്തോലിക്കാ സഭയുടെയും പിന്തുണയും ഈ പ്രസ്ഥാനത്തിന് ലഭിച്ചു. ഏകദേശം ഒരു കോടി (10 മില്യൺ) പേരാണ് ഇതിനകത്ത് പ്രവർത്തിച്ചത്. ഈ പ്രസ്ഥാനം ശക്തമായപ്പോഴേക്കും കമ്മ്യൂണിസ്റ്റ് ഭരണകൂടം അതിനെ അടിച്ചമർത്താൻ ശ്രമിച്ചു. ജനങ്ങൾ സമരത്തിൽ ഇറങ്ങി; പോളണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടിലായി.
1989-ൽ ഭരണകൂടം സോളിഡാരിറ്റി പ്രസ്ഥാനവുമായി ഒരു സന്ധിയിൽ എത്തി. അതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടക്കുകയും 100-ൽ 99 സീറ്റുകളും നേടി സോളിഡാരിറ്റി മൂവ്മെന്റ് പോളണ്ടിൽ അധികാരം പിടിക്കുകയുമുണ്ടായി.
ഇതിലൂടെ ഈസ്റ്റേൺ യൂറോപ്പിൽ – പ്രത്യേകിച്ച് സോവിയറ്റ് അധീനതയിലുള്ള രാജ്യങ്ങളിൽ – ആദ്യമായി ഒരു നോൺ-കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തുന്നതാണ് നാം കാണുന്നത്. അതൊരു നാഴികക്കല്ലായിരുന്നു. ലോകചരിത്രത്തിൽ ബാലറ്റ് മുഖേന അധികാരത്തിലെത്തിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരുള്ള സംസ്ഥാനമാണ് കേരളം എന്നു പറയുമ്പോൾ, ഈസ്റ്റേൺ യൂറോപ്പിൽ ബാലറ്റ് മുഖേന അധികാരത്തിൽ നിന്ന് പുറത്തുപോയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ പോളണ്ടിലാണെന്ന് 1989-ൽ നാം കണ്ടു.
ഇതിനുശേഷം ബെർലിൻ മതിൽ തകർന്നു; പിന്നെ 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നുവീണു. ഈ ചരിത്രപരമായ പശ്ചാത്തലത്തിലാണ് സന്ദേശം എന്ന സിനിമ ശ്രീനിവാസൻ എഴുതിയത്.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ കാലഹരണപ്പെട്ടതാണെന്ന് അദ്ദേഹം അതിലൂടെ സൂചിപ്പിച്ചു. സിനിമയിലെ രാഷ്‌ട്രീയമായ കമ്മ്യൂണിസ്റ്റ് ശബ്ദങ്ങളും പ്രവർത്തനങ്ങളും പിന്നീട് സ്വയം വിരോധാഭാസങ്ങളായിത്തീരുന്നതിനെ വളരെ സാറ്റയറിക്കൽ രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു. ആ സിനിമ പുറത്തിറങ്ങിയപ്പോൾ ശ്രീനിവാസൻ അരാഷ്‌ട്രീയവാദിയാണെന്നോ കമ്മ്യൂണിസത്തിന് എതിരാണെന്നോ പൊതുജനങ്ങൾക്ക് എതിരാണെന്നോ ആരോപണങ്ങൾ ചൊല്ലാൻ ചിലർ ശ്രമിച്ചെങ്കിലും, കേരളത്തിലെ ജനങ്ങൾ അത് തള്ളി അദ്ദേഹത്തെ നെഞ്ചോട് ചേർത്തു എന്നതാണ് യാഥാർത്ഥ്യം.
















