കടയ്‌ക്കല്‍: കടയ്‌ക്കലില്‍ ഇടത്‌കോട്ട തകര്‍ത്ത അനുപമ കടയ്‌ക്കല്‍ ഗ്രാമപഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്തു. സിപിഎമ്മിന്റെ ഭീഷണിയും അക്രമവും അതിജീവിച്ച് കടയ്‌ക്കല്‍ ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡില്‍ താമര വിരിയിച്ചതിന്റെ ആവേശത്തിലാണ് കടയ്‌ക്കല്‍ കുറ്റിക്കാട് ‘മാതാപിതാ’യില്‍ സന്തോഷിന്റെ ഭാര്യ അനുപമ കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തത്. ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പഞ്ചായത്തിലെ മുതിര്‍ന്ന അംഗമായ സുഗന്ധി ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ധീരബലിദാനി സ്വര്‍ഗീയ രവീന്ദ്രനാഥിന്റെ കുഴിമാടത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷമാണ് അനുപമ സത്യപ്രതിജ്ഞക്കെത്തിയത്.
നാമനിര്‍ദേശ സമര്‍പ്പണം മുതല്‍ പ്രചരണ സമയങ്ങളിലുമെല്ലാം അനുപമയെ പിന്തുടര്‍ന്നിരുന്ന സിപിഎം, വിജയശേഷം നടത്തിയ ആക്രമണങ്ങള്‍ ഭീകരമായിരുന്നു. സമ്മതിദായകരെ സന്ദര്‍ശിക്കുന്നതിനുപോലും ഇതുകാരണം അനുപമക്കായില്ല. ഇടതുകോട്ടയിലാണ് 437 വോട്ടുനേടി എതിരാളിയായ സിപിഎമ്മിനെ തറപറ്റിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും കലിയടങ്ങാതെ സ്ഥാനാര്‍ത്ഥിക്കും വീടിനും നേരെ സിപിഎം ഗുണ്ടകള്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപി ചടയമംഗലം മണ്ഡലത്തില്‍ നിന്ന് ഗ്രാമപഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി സംഘടിപ്പിച്ച വിജയഭേരിയില്‍ പങ്കെടുക്കാന്‍ നിരവധിപേരാണ് എത്തിയത്. തിങ്ങിനിറഞ്ഞ ജനസാഗരവും ഈ പ്രതിഷേധത്തിന്റെ കൂടി സൂചനയായിരുന്നു.
അതേസമയം കടയ്‌ക്കലിലെ സിപിഎം ആക്രമണത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയത് വ്യാജ ഒപ്പിട്ട പകര്‍പ്പെന്നാണ് ഉയരുന്ന ആരോപണം. ഒപ്പ് തന്റേതല്ലെന്നും താന്‍ നല്‍കിയ മൊഴിയില്‍ പലതും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരിയായ അനുപമ സന്തോഷ് പറയുന്നു. ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച അനുപമയെയും പ്രവര്‍ത്തകരെയും സിപിഎം ക്രിമിനലുകള്‍ കയ്യേറ്റം ചെയ്തിരുന്നു. എന്നാല്‍ എഫ്‌ഐആറില്‍ മര്‍ദിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.
















