തിരുവനന്തപുരം:മരണാനന്തരച്ചടങ്ങുകളുടെ സ്വകാര്യത മാനിക്കാതെ മാധ്യമങ്ങള്‍ അത് ക്യാമറയില്‍ പകര്ത്തുന്നതിനെ വിമര്‍ശിച്ച് നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍. മരണം വ്യക്തിപരമായ വികാരമാണെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും സുപ്രിയ മേനോന്‍ പറഞ്ഞു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സുപ്രിയയുടെ പ്രതികരണം. നടന്‍ ശ്രീനിവാസന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്തരീക്ഷത്തില്‍ ആ കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് ടിവി ചാനലുകള്‍ നടത്തിയ കടന്നുകയറ്റത്തെയാണ് സുപ്രിയ മേനോന്‍ വിമര്‍ശിച്ചത്.
ദുഖിതമായ ഒരു കുടുംബത്തിന് തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍ത്ത് വിലപിക്കാന്‍ ഇടമില്ലാത്തത് കാണുന്നത് വളരെ ദാരുണമാണ്. എല്ലായിടത്തും നിരവധി ക്യാമറകളും മൊബൈല്‍ ഫോണുകളും. മൂലകളില്‍ സെല്‍ഫി എടുക്കുന്നുവര്‍. നടന്മാരെ ചൂണ്ടിക്കാണിക്കുന്ന ആളുകള്‍. മരിച്ചുപോയവര്‍ക്കും അവര്‍ ബാക്കിവെച്ച് പോയവര്‍ക്കും കുറച്ചു മര്യാദ നമ്മള്‍ നല്‍കേണ്ടതല്ലേ?പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തില്‍ ശാന്തമായി ഒന്ന് വിലപിക്കാന്‍ പോലും കഴിയാത്ത വിധം ഒരു കുടുംബം ശ്വാസം മുട്ടുന്നത് കാണുന്നത് ഏറെ ദൗര്‍ഭാഗ്യകരമല്ലേ?’- സുപ്രിയ മേനോന്‍ ചോദിക്കുന്നു.
















