ഒരു വൈദ്യുതക്കമ്പി പൊട്ടിവീണതുപോലെ പൊടുന്നനെ അയാളുടെ ബോധതലത്തിലേക്ക് ഒരു കഥാബീജം പതനം ചെയ്തു. അതിന്റെ ആഘാതത്തില്‍ ഞെട്ടിയുണര്‍ന്ന ആയാള്‍ ഇരുട്ടത്ത് പേനയും കടലാസും തപ്പിയെടുത്തു. വി.കെ.എന്‍ ഭാഷയില്‍ സ്വിച്ചെറിഞ്ഞ് ലൈറ്റിട്ടു.
മുറിയില്‍ വെളിവ് നിറഞ്ഞതോടെ മയക്കത്തില്‍ വെളിവായ കഥാബീജം അയാളെ കൈവെടിഞ്ഞു. പേര്‍ത്തും പേര്‍ത്തും ഓര്‍ത്തു. അത് പിടി കൊടുത്തില്ല. കടുത്ത നിരാശയില്‍ ഈര്‍ഷ്യയോടെ ആരെയോ ശപിച്ച് അയാള്‍ കടലാസ് കീറിനുറുക്കി പേനയോടൊപ്പം പുറത്തേക്കെറിഞ്ഞു. പിറുപിറുത്തു കൊണ്ട് കിടക്കയില്‍ വീണ് നിവര്‍ന്നു കിടന്നു. ലൈറ്റണക്കാതെ. പെട്ടെന്നുതന്നെ ഉറങ്ങിപ്പോയി. സ്വപ്‌നരഹിതമായ അഗാധനിദ്ര. പ്രശാന്തമായ സുഷുപ്തി.
നെറ്റിയില്‍ ഒരു ജലകണം ഇറ്റുവീണപ്പോഴാണ് ഉണര്‍ന്നത്. കണ്ണു തുറന്നപ്പോള്‍ ക്ഷീണിച്ചു വിളറിയ ബള്‍ബില്‍നിന്ന് അരണ്ട വെളിച്ചം മാത്രം.
നെറ്റിയിലെ നീര്‍ബിന്ദു അയാളുടെ കാതരികിലേക്ക് ഒലിച്ചിറങ്ങി.
”ഞാന്‍ താങ്കളെ വഞ്ചിച്ച കഥാബീജം. വെളിച്ചം പരന്നതുകണ്ട് പേടിച്ചുപതറി ഓടിയൊളിച്ചതാണ്. അലച്ചിലായിരുന്നു പിന്നെ. ഒരു കഥാഗാത്രത്തിനായി. തേടിത്തേടി വാടിത്തളര്‍ന്ന് ഞാനൊരു കണ്ണീര്‍ക്കണമായി ഖനീഭവിച്ചു. എഴുത്താളരുടെ ശാപമാവാം. ദയവായി മോക്ഷം തരിക. മേനി നടിക്കാനെങ്കിലും ഒരു മേനി തരിക.”
അയാള്‍ തരളിതനായി അപാരമായ ദയാവായ്‌പ്പോടെ കിടക്കവിട്ട് എഴുന്നേറ്റു. ഉറക്കച്ചടവോടെ പതുക്കെ പുറത്തുകടന്നു. ജാലകത്തിനു നേരെയുള്ള പാതയോരത്ത് പരതാന്‍ തുടങ്ങി. ഉപേക്ഷിക്കപ്പെട്ട തന്റെ എഴുത്തുപേന.
പേന ദ്രവിച്ചുദ്രവിച്ച് മണ്‍പുറ്റായി മാറിക്കഴിഞ്ഞിരുന്നു. അനാഥശവംപോലെ അത് വാപൊളിച്ച് മലര്‍ന്നുകിടപ്പാണ്. അന്നമയമായ തന്റെ ശരീരം കാച്ചിക്കുറുക്കി അയാള്‍ അതിനകത്തേക്ക് നൂണ്ട് കയറി. ഗര്‍ഭപാത്രത്തിലെന്നപോലെ ചുരുണ്ടുകിടന്നു. തപം തുടങ്ങി. പ്യൂപ്പയില്‍ പുഴുവിനെപ്പോലെ.
ചുമര്‍ക്കലണ്ടറില്‍ പേജുകള്‍ മാറിവീഴുമ്പോലെ യുഗങ്ങള്‍ കടന്നുപോയി. വല്മീകം വളര്‍ന്നുവളര്‍ന്ന് ഭീമാകാരം പൂണ്ടു. കാലം കരുതിവച്ച പെരുമഴയില്‍, ഉപമാലങ്കാരത്തിന്റെ ലക്ഷണം വെടിഞ്ഞ ഒരു വൈദ്യുതക്കമ്പി അതിനുമേല്‍ പൊട്ടിവീണു. മാരിപ്പെരുക്കത്തിന്റെ പ്രചണ്ഡപ്രവാഹത്തില്‍ ഒരു ചോരച്ചാലായി മണ്‍പുറ്റ് അലിഞ്ഞൊലിച്ചുപോയി.
പ്രസാദപൂരിതമായ ഒരു സരസ്വതീയാമത്തിന്റെ സൗമ്യതയില്‍ അവിടെ ഒരു കാഞ്ഞിരമരം മുളച്ചുപൊന്തി. തിടംവച്ച് വളര്‍ന്നു പന്തലിച്ചു.
വഴിനടന്നു പോകവേ അതിന്റെ ചുവട്ടില്‍ വിശ്രമിക്കാറുള്ള കഥാകാലക്ഷേപക്കാര്‍ ഇല ചവച്ചു നോക്കാറുണ്ടത്രേ. കയ്‌പ്പോ മധുരമോ എന്നറിയാന്‍.
















