കൊച്ചി: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കരദാസിനെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്ന് ഹൈക്കോടതി തന്നെ ചോദിക്കുമ്പോള്‍ പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും രഹസ്യമായി പറയാന്‍ ഒരു മറുപടിയുണ്ട്. ഒന്ന് അയാള്‍ ഡിഐജി ഹരിശങ്കറിന്റെ അച്ഛനാണ്. രണ്ട് സിപിഎമ്മിനു വേണ്ടപ്പെട്ട നേതാവാണ്. അതിനാല്‍ പ്രത്യേക അന്വേഷണ സംഘം സമ്മര്‍ദ്ദത്തിനുവഴിപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന.
എ. പത്മകുമാറിനെയടക്കം പിടിച്ചിട്ടും അന്വേഷണം ശങ്കരദാസിന്റെ അടുത്തേക്ക് എത്തുന്നില്ല, കാരണം അത്രയേറെ അകലെ, അങ്ങ് മുകളിലാണ് ഹരിശങ്കറിന്റെ അച്ഛന്‍ നില്‍ക്കുന്നത്. പാര്‍ട്ടിയിലും പോലീസിലുമുള്ള പിടിപാട് ഹൈക്കോടതിക്കും മേലെയാണോയെന്നാണ് പലരുടെയും സംശയം.
യുവതി പ്രവേശന സമയത്ത് യുവതികളെ എത്തിക്കാനും ഭക്തര്‍ക്ക് പരമാവധി ഉപദ്രവമുണ്ടാക്കാനും മുന്നില്‍ നിന്നയാളാണ് ഹരിശങ്കര്‍. രഹ്‌ന ഫാത്തിമ, ബിന്ദു അമ്മിണി. കനകദുര്‍ഗ എന്നിവരെ വനത്തിലൂടെ രഹസ്യമായി സന്നിധാനത്ത് എത്തിച്ചതും ഹരിശങ്കറാണ്. അയ്യപ്പ ഭക്തരോട് കടുത്ത പകയോടാണ് ഇയാള്‍ പെരുമാറിയത്.
പ്രമുഖ കോണ്‍ട്രാക്ടറും മുഖ്യമന്ത്രിയുടെ അടുപ്പക്കാരുമായ കിളിമാനൂര്‍ ചന്ദ്രബാബുവിന്റെ മകളെയാണ് ഇയാള്‍ വിവാഹം കഴിച്ചിരിക്കുന്നതും. മുഖ്യമന്ത്രിയെ പിണറായി അങ്കിള്‍ എന്നാണ് വിളിക്കുന്നതെന്നാണ് പോലീസിലെ സംസാരം. ഈ സ്വാധീനം കാരണമാണ് ശങ്കരദാസിനെ അറസ്റ്റു ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം ഭയക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി പോലും ചോദിക്കേണ്ട അവസ്ഥയില്‍ എത്തി പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം.
മുഖ്യമന്ത്രി കൈയാളുന്ന ആഭ്യന്തര വകുപ്പിനു കീഴിലുള്ള കേരള പോലീസിലെ ചിലര്‍ തന്നെയാണ് പ്രത്യേക അന്വേഷണ സംഘത്തിലും. അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് കൂറ് സര്‍ക്കാരിനോടാണ് അന്വേഷണത്തോടല്ല എന്നു വേണം ഹൈക്കോടതിയുടെ അതൃപ്തിയില്‍ നിന്ന് മനസിലാക്കാന്‍.
താഴെത്തട്ടിലുള്ള ചെറിയ മീനുകളെ പിടിച്ച് ‘കഴിവ് തെളിയിക്കുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി തന്നെ രേഖപ്പെടുത്തിയിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ ഹൈക്കോടതി അന്വേഷണ സംഘത്തെ തന്നെ മാറ്റിയേക്കാം.















