ആരെയും വെറുക്കാതെ, വെറുപ്പിക്കാതെ നാലര പതിറ്റാണ്ടിലധികം സിനിമാരംഗത്ത് നിറഞ്ഞുനിന്ന മലയാളത്തിന്റെ മഹാപ്രതിഭ. അതാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. നടനെന്ന നിലയില്‍ തിളങ്ങും മുമ്പൊരു ബസ് യാത്രയിലാണ് ശ്രീനിവാസനുമായി ഞാന്‍ സൗഹൃദത്തിലായത്. ഒരു പെട്ടിയും തൂക്കി പാലക്കാട്ടേക്കുള്ള യാത്രയ്‌ക്കിടയില്‍ കണ്ടത് തികച്ചും യാദൃച്ഛികം. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളജില്‍ ശ്രീനിവാസന്റെ പഠനകാലത്തെ പെരുമാറ്റവും പ്രവര്‍ത്തന രീതിയുമെല്ലാം അദ്ദേഹത്തിന്റെ സഹപാഠികള്‍ പറഞ്ഞുകേട്ടത് മനസ്സിലുണ്ട്. കമ്യൂണിസ്റ്റ് കോട്ടയായ പാനൂര്‍ പാട്യത്ത് ജനിച്ച ശ്രീനിവാസന്‍ എങ്ങനെ കമ്യൂണിസ്റ്റ് വിരുദ്ധനായി എന്നറിയില്ല. ഏതായാലും പിന്നീട് തന്റെ കലാജീവിതത്തിനിടയില്‍ പലപ്പോഴും അത് പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്. ‘സന്ദേശം’ എന്ന സിനിമ അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. തിരക്കിനിടയില്‍ തന്റെ ജീവിത ശൈലി വിസ്മരിക്കാന്‍ തയ്യാറാകാത്ത ശ്രീനിവാസന്‍ താമസം എറണാകുളത്താക്കിയപ്പോള്‍ കൃഷിയിലേക്ക് തിരിഞ്ഞു.
അച്ഛന്‍ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റായ പാട്യം ഗോപാലന്‍ നല്ല സുഹൃത്തുമായിരുന്നെങ്കിലും ആ വഴിക്ക് നടക്കാന്‍ എന്തുകൊണ്ടോ ശ്രീനിവാസനായില്ല. സാധാരണ മനുഷ്യരുടെ കഥയും ജീവിതവും അതേപടി പറയാന്‍ തയ്യാറായ ശ്രീനിവാസന് പഠിക്കുമ്പോള്‍ എബിവിപിയോടായിരുന്നു ആഭിമുഖ്യം. ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപി സ്ഥാനാര്‍ത്ഥിയായിരുന്നു. ഏഴ് വോട്ടിനാണ് തോറ്റത്. അഭിനയത്തോട് ഏറെ ആഭിമുഖ്യം പുലര്‍ത്തിയ ശ്രീനിവാസന് അതിന് സാധിക്കുമോ എന്ന സംശയമായിരുന്നു അന്ന്. പക്ഷേ പിന്നീട് അവസരം ലഭിച്ചപ്പോള്‍ സ്വന്തം ജീവിതത്തില്‍ നിന്ന് പകര്‍ത്തിയ ഏടുകളാല്‍ അത് സമ്പന്നമായി.
കമ്യൂണിസ്റ്റ് കാപട്യത്തിന്റെയും നിരര്‍ത്ഥക ജനാധിപത്യ ഭോഷ്‌കിന്റെയും നിതാന്ത വിമര്‍ശകനായിരുന്നു ശ്രീനിവാസന്‍. ഏഴു വോട്ടിന് കെഎസ്‌യുക്കാരന്‍ തോല്‍പ്പിച്ചതും സിനിമയിലെ താരോദയവുമെല്ലാം ആ യാത്രയ്‌ക്കിടയില്‍ ചര്‍ച്ചയായി. മലയാളത്തിന്റെ മുഖശ്രീയായ ശ്രീനിവാസന് പ്രണാമം.
















