തിരുവനന്തപുരം: പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തിനെതിരെ നടത്തിയ ഗോവ വിമോചന സമരത്തിലെ യോദ്ധാക്കളെ ആദരിക്കുന്ന ചടങ്ങില്‍, ഗോവ യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത നാവികസേനാ യോദ്ധാവായ പി. കെ. എന്‍. പിള്ളയാണ് ലോക്ഭവനില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത്. 91 വയസ്സുള്ള ലെഫ്റ്റനന്റ് കമാണ്ടര്‍ പി കെ നാരായണപിള്ളയുടെ സാന്നിധ്യമായിരുന്നു രാജ്ഭവന്‍ സംഘടിപ്പിച്ച ഗോവാ വിമോചന സമര ദിനാചരണത്തി്‌ന്റെ ശ്രദ്ധേയ കാര്യം
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ‘ഓപ്പറേഷന്‍ വിജയ്’ എന്ന ചരിത്ര പോരാട്ടത്തില്‍ പങ്കെടുത്ത യഥാര്‍ത്ഥ യുദ്ധഭടനെന്ന നിലയില്‍ പി. കെ. എന്‍ പിള്ളയ്‌ക്ക് പ്രത്യേകം ആദരവ് ലഭിച്ചു. വേദിയില്‍ ഗവര്‍ണറുടെ ഒപ്പമുള്ള പ്രത്യേക സീറ്റ് ലഭിച്ച പിള്ളയെ ഗവര്‍ണര്‍ എഴുന്നേറ്റ് ‘ബിഗ് സല്യൂട്ട്’ നല്‍കി അഭിവാദ്യം ചെയ്തു. ആദരസൂചനയായി കസവ് നേരൃത് അണിയിക്കുകയും, ഗോവ സമരത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ പ്രത്യേക സ്മാരകഫലകം സമ്മാനിക്കുകയും ചെയ്തു.
സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ ലക്ഷ്മിദാസ് ബോര്‍കാരുടെ പ്രശസ്ത കൊങ്കണി കൃതിയായ *’അഥാറ ജൂണ്‍ – ഏക് ക്രാന്തിയാത്ര’*യുടെ മലയാള പരിഭാഷയും, രംഗഹരി രചിച്ച ‘വന്ദേമാതരത്തിന്റെ കഥ’ എന്ന മലയാള കൃതിയും പിള്ളയ്‌ക്ക് സമ്മാനിച്ചു. പുസ്തകങ്ങള്‍ സമ്മാനിച്ച ഗവര്‍ണറുടെ ഭാര്യ അനഘ ആര്‍ലേക്കറും പികെ എന്‍ പിള്ളയക്ക് സലൂട്ട് നല്‍കി’
വെങ്കലത്തില്‍ നിര്‍മ്മിച്ച ഭാരതമാതാവിന്റെ ശില്പം പി. കെ. എന്‍. പിള്ള, ഗവര്‍ണര്‍ക്ക് തിരികെ സമ്മാനിക്കുകയും ചെയ്തു.
നാവികസേനയിലെ ലെഫ്റ്റനന്റ് കമാന്‍ഡര്‍ പദവിയില്‍ സേവനമനുഷ്ഠിച്ച .പി കെ നാരായണപിള്ള തന്റെ യുദ്ധ ഓര്‍മ്മകളിലേക്ക് വീണ്ടും സഞ്ചരിച്ചു. ‘യുദ്ധ നിഴലുകള്‍ ഇന്നും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യന്‍ നേവി വെറ്ററന്‍’ എന്ന് കുറിച്ച നീലതൊപ്പിയും, കുപ്പായത്തിലെ ഒന്‍പത് മെഡലുകളും അദ്ദേഹത്തിന്റെ യുദ്ധഗാഥയെ സാക്ഷ്യപ്പെടുത്തുന്നു. എണ്‍പതോളം വയസ്സായെങ്കിലും ഇന്നലെ നടന്നതുപോലെ എല്ലാ യുദ്ധവിവരങ്ങളും പിള്ളയ്‌ക്ക് മനസ്സില്‍ തെളിഞ്ഞുനിന്നു.
ഗോവ വിമോചനസമയത്ത് ഐ.എന്‍.എസ് ബേത്വയിലെ നേവല്‍ കമാന്‍ഡില്‍ പ്രവര്‍ത്തിച്ച പിള്ളയുടെ ദൗത്യം കപ്പലിലെ മുകളിലെ പീരങ്കിയിലേക്ക് ഷെല്ലുകള്‍ ലോഡ് ചെയ്യുകയായിരുന്നു. കൃത്യമായ സമയത്ത് ഷെല്ലുകള്‍ പായിക്കുകയും, യുദ്ധരംഗം നേരിട്ട് നിരീക്ഷിക്കുകയും ചെയ്തതായും അദ്ദേഹം ഓര്‍മ്മിച്ചു. വിഷമവും ദാഹവും മറന്ന് രാഷ്‌ട്രത്തിനായി പോരാടാന്‍ കഴിഞ്ഞതില്‍ അഭിമാനം ഉണ്ടെന്ന് പിള്ള പറഞ്ഞു.
തിരുവല്ല സ്വദേശിയായ പി കെ നാരായണപിള്ള, 1955ല്‍ നാവികസേനയില്‍ ചേര്‍ന്നു. ദീര്‍ഘനാളത്തെ യുദ്ധസേവനത്തിനുശേഷം, 1991 ഡിസംബര്‍ 31 ന് കൊച്ചിയിലെ ഐ.എന്‍.എസ് വെണ്ടുരുത്തിയില്‍ നിന്ന് ലോജിസ്റ്റിക് ഓഫീസറായി വിരമിച്ചു. സേവനകാലത്ത് നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
ഗോവ വിമോചന സമരസേനയുടെ അധ്വാനത്തെയും ധീരതയെയും ആദരിച്ച് സംഘടിപ്പിച്ച ഈ ചടങ്ങ്, യുദ്ധസേനയുടെ ചരിത്രം വീണ്ടും ഓര്‍മ്മിപ്പിക്കുന്ന മഹത്തായ നിമിഷമായി മാറി. മകള്‍ ഡോ എന്‍ ജ്യോതി, മരുകകന്‍ ഡോ അജിത്കുമാര്‍ വി കെ , ചെറുമകന്‍ എ അരവിന്ദ് എന്നിവരും പ്രൗഡ നിമിഷത്തിന് സാക്ഷികളായി എത്തി.
ഗോവ വിമോചന സമരത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള 22 പേരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.













