ന്യൂദല്‍ഹി: ദല്‍ഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി. കനത്ത മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ റദ്ദാക്കാൻ കാരണം. വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ടതായ 66 വിമാനങ്ങളും പുറപ്പെടേണ്ടതായ 63 വിമാനങ്ങളുമാണ് റദ്ദാക്കിയത്.
ദല്‍ഹി വിമാനത്താവളത്തിൽ നിലവിൽ കുറഞ്ഞ ദൃശ്യപരതയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും എല്ലാ വിമാനങ്ങളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിമാനത്താവള ഓപ്പറേറ്റർ അറിയിച്ചു.
അതേസമയം ഉത്തരേന്ത്യയിലാകെ ആവരണം ചെയ്ത കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. ഡൽഹിയിൽ കാലാവസ്ഥാ വകുപ്പ് ശനിയാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചില വിമാനത്താവളങ്ങളിൽ സർവിസുകൾ തുടർച്ചയായി തടസ്സപ്പെടാൻ ഇടയുണ്ടെന്നും കാഴ്ചപരിധി കുറയുന്നത് റോഡ് ഗതാഗതത്തെയും റെയിൽ ഗതാഗതത്തെയും ബാധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശത്തിൽ അറിയിച്ചിട്ടുണ്ട്.
















