ഈ നേരത്ത് ശരിക്കും പറഞ്ഞാല്‍ ഒന്നും പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. എല്ലാവര്‍ക്കും അറിയാം ശ്രീനിവാസനും ഞാനും തമ്മിലുള്ള ആത്മബന്ധം. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അദ്ദേഹത്തെ കാണാന്‍ പോകാറുണ്ടായിരുന്നു. രണ്ടുദിവസം മുമ്പും സംസാരിച്ചിരുന്നു. അതിനിടയ്‌ക്ക് അദ്ദേഹം ഒന്ന് വീണു നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ചെറിയ സര്‍ജറി കഴിഞ്ഞു. ഞാന്‍ വിളിച്ചപ്പോള്‍ പറഞ്ഞു ഇരുന്നു തുടങ്ങി, വാക്കറില്‍ നടക്കാന്‍ പറ്റും എന്നാണ് വിചാരിക്കുന്നത് എന്ന്.അപ്പോഴും അദ്ദേഹം പോകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ ബുദ്ധിയും ചിന്തയും തലച്ചോറും ഒക്കെ വളരെ ഷാര്‍പ്പ് ആയിരുന്നു. കഴിഞ്ഞ പ്രാവശ്യം എന്നോട് പറഞ്ഞു ‘എനിക്ക് മതിയായി, കുറച്ചുനാളായി അസുഖമായി കിടക്കുകയാണല്ലോ’ ഞാന്‍ പറഞ്ഞു അതൊന്നും പറഞ്ഞിട്ട് കാര്യമില്ല നമുക്ക് തിരിച്ചു വരണം.
















