കൊച്ചി: ജന്മദിനത്തില്‍ അച്ഛന്റെ വേര്‍പാട് ധ്യാന്‍ ശ്രീനിവാസന് തീരാനോവായി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 ആഘോഷങ്ങളിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ കടന്നുപോയതെങ്കില്‍ ഇന്നലെ ആ ദിനം സങ്കട കടലാണ് സമ്മാനിച്ചത്.
ഹോക്കിയില്‍ ഇന്ദ്രജാലം തീര്‍ത്ത ധ്യാന്‍ചന്ദിനോടുള്ള ആരാധന കൊണ്ടാണ് രണ്ടാമത്തെ മകന് ധ്യാന്‍ എന്ന് പേരിട്ടതെന്ന് ഒരിക്കല്‍ ഒരു ചടങ്ങില്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു. ആ ചന്ദ് വെട്ടിക്കളഞ്ഞിട്ടാണ് ധ്യാന്‍ എന്ന പേര് രണ്ടാമത്തെ മകന് ഇട്ടത്. ആ ചന്ദ് കട്ട് ചെയ്തതിന്റെ കുഴപ്പം ഇവനുണ്ട്. പക്ഷേ ഇവനെന്ത് മാന്ത്രികമാണ് കാണിക്കാന്‍ പോകുന്നതെന്ന് അറിയില്ല എന്ന ശ്രീനിവാസന്റെ വാക്കുകള്‍ അന്ന് കാണികളില്‍ ചിരി പടര്‍ത്തിയിരുന്നു.
ഇണങ്ങിയും പിണങ്ങിയുമുള്ള ജീവിതമായിരുന്നു ശ്രീനിവാസന്റെയും ധ്യാനിന്റെയും. ഇടക്കാലത്ത് മദ്യത്തിനടിമയായതോടെയാണ് ധ്യാനിന് വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നത്. ഒരു കുട്ടി പിറന്നതോടെ ധ്യാന്‍ പുതിയ മനുഷ്യനായി. അച്ഛനുമൊത്ത് വീണ്ടും ഒരുമിച്ച് പോകുവാന്‍ തുടങ്ങി. അച്ഛന്റെ താത്പര്യപ്രകാരമാണ് കൃഷിയിലേക്ക് ഇറങ്ങിയതെന്ന് അന്ന് ധ്യാന്‍ പറയുകയും ചെയ്തിരുന്നു. അവസാന നിമിഷംവരെ അച്ഛനൊപ്പം നില്‍ക്കുവാനും ധ്യാനിനായി.
















