അക്ഷരങ്ങളെ തങ്കച്ചരടില്‍ കോര്‍ത്ത് മലയാളിയുടെ മനസില്‍ സിംഹാസനമിട്ട മാന്ത്രികന്‍- തിരക്കഥാകൃത്ത്, സംവിധായകന്‍, നടന്‍, കര്‍ഷകന്‍, ശ്രീനിയേട്ടന്‍, ശ്രീനിവാസന്‍…
2013 മാര്‍ച്ച് 31 എറണാകുളത്തെ ഒരു ഫ്‌ളാറ്റില്‍ എന്റെ സിനിമയുടെ തിരക്കഥാചര്‍ച്ച, ഒപ്പം ആ മാന്ത്രികനും. ചര്‍ച്ചകള്‍ക്ക് ശേഷം സ്വീകരണ മുറിയിലേയ്‌ക്കെത്തുമ്പോള്‍ ടിവിയില്‍ ആര്‍സിബിക്ക് വേണ്ടി ക്രിസ്‌ഗെയില്‍ അടിച്ച് കസറുകയാണ്. അടുത്തുനിന്ന സഹ സംവിധായകനോട് ശ്രീനിയേട്ടന്റെ ചോദ്യം. ആര്‍ക്കൊപ്പമാണ്, ഗെയിലിനൊപ്പമെന്ന് മറുപടി… പിന്നെക്കേട്ടത് ശ്രീനിയേട്ടനിലെ മനുഷ്യന്റെ ശബ്ദം, ജയിച്ചവനൊപ്പമാണോ? തോല്‍ക്കുന്നവനല്ലേ പിന്തുണ വേണ്ടത്… വെറും സൗഹൃദ സംഭാഷണത്തിലെ വാക്കുകളെങ്കിലും അതില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ ജനിച്ചു.
ചര്‍ച്ച പൂര്‍ണതയിലേക്കെത്തുമെന്ന പ്രതീക്ഷ. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സംവിധായകന് ഒരു കോള്‍ വന്നു. ഇനിയധികം ചര്‍ച്ചവേണ്ട നമുക്ക് തുടങ്ങാം… എന്നെ തിരക്കഥാകൃത്താക്കിയ കോള്‍… പടം പുറത്തിറങ്ങി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസനെ വീണ്ടും കണ്ടു… തിരിച്ചറിയുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാലും മടിച്ച് അടുത്തെത്തി. കണ്ടമാത്രയില്‍ തന്നെ തിരിച്ചറിഞ്ഞു, ഏറെനേരം സംസാരിച്ചു. ഞങ്ങളുടെ ചിത്രത്തിന്റെ സന്തോഷവും പരിഭവവും അദ്ദേഹം പങ്കുവച്ചു. അതേ ലൊക്കേഷനില്‍ ചിത്രത്തിലെ മറ്റൊരു നടന്റെ മുന്നില്‍ ഞാന്‍ തികച്ചും അപരിചിതനായപ്പോള്‍ ശ്രീനിയേട്ടനിലെ മനുഷ്യനെ അറിയാനായി. നന്മയുടെ ആ മനസ്… ശ്രീനിവാസന്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ മധ്യവര്‍ത്തികളും സാധാരണക്കാരുമായിരുന്നുവെന്നപോലെ അദ്ദേഹത്തിന്റെ മനസും സാധാരണക്കാര്‍ക്കൊപ്പമെന്നതിന് ഇതില്‍ കൂടുതല്‍ എന്തനുഭവം വേണം.
ഗോപാലകൃഷ്ണനും, ടി.പി. ബാലഗോപാലനും, ദാസനും, പ്രകാശനും വരെ നീളുന്ന കഥാപാത്രങ്ങള്‍, അവരുടെ സംഭാഷണങ്ങള്‍ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ”തെരഞ്ഞെടുപ്പ് വരുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ തോറ്റു, പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ എന്താണ് ദാസാ നമുക്കീ ബുദ്ധി നേരത്തെ തോന്നാത്തത്, എന്നാല്‍ ക്യാമറയും കുളത്തിലേക്ക് ചാടട്ടെ, ഏതാണീ അലവലാതി” തുടങ്ങിയ സംഭാഷണ ശകലങ്ങള്‍ ഒരു മലയാളിയെങ്കിലും പറയാത്ത ദിവസങ്ങളുണ്ടാകില്ല. ശ്രീനിവാസന്റെ ചിന്തകളും അക്ഷരക്കൂട്ടുകളും സിനിമാ കാഴ്ചകള്‍ മാത്രമല്ല മലയാളിയുടെ നിത്യജീവിതത്തിന്റെ നേര്‍സാക്ഷ്യം തന്നെ…
അദ്ദേഹത്തിന്റെ സിനിമകള്‍, സംഭാഷണങ്ങള്‍ മലയാളിയുടെ മനസിലും നാവിലും എന്നും തങ്ങിനില്‍ക്കും. മരണം ശരീരത്തിന് മാത്രം. രചനകളും ചിന്തകളും മലയാളവും മലയാളിയും ഉള്ളിടത്തോളം ഇവിടെതന്നെ പ്രതിധ്വനിക്കും. പ്രണാമം, എന്റെ സംഭാഷണങ്ങള്‍ ആദ്യം പറഞ്ഞ ആ മഹാനടന്…തിരക്കഥാകൃത്തിന്…നല്ല മനസ്സിന്…
(ശ്രീനിവാസന്‍ അഡ്വ. മാത്തന്‍ തരകന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ലേഖകന്‍)
















