കൊച്ചി: മലയാള സിനിമാലോകത്തെ അതുല്യപ്രതിഭ ശ്രീനിവാസന്റെ വേര്‍പാടില്‍ ഭിന്നശേഷി ക്ഷേമത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന ദേശീയ പ്രസ്ഥാനമായ സക്ഷമ അനുശോചനം രേഖപ്പെടുത്തി.
സക്ഷമ ദേശീയ തലത്തില്‍ ആരംഭിച്ച കോര്‍ണിയ അന്ധത്വ മുക്ത് ഭാരത് അഭിയാന്‍ എന്ന പരിപാടിയുടെ ഭാഗമായി സക്ഷമ കേരളത്തില്‍ അമൃത ആശുപത്രിയുമായി സഹകരിച്ച് നടപ്പാക്കിയ നയനാമൃതം നേത്രദാന ബോധവത്ക്കരണ യത്‌നത്തിന്റെ അംബാസഡര്‍ എന്ന നിലയില്‍ ശ്രീനിവാസന്റെ പ്രവര്‍ത്തനം മരണാന്തരം നേത്രപടലം ദാനം ചെയ്യുന്നതിന് ഒരു തലമുറയ്‌ക്ക് പ്രേരകശക്തിയായി. ശാരീരികമായ അസ്വസ്ഥതകള്‍ അലട്ടുമ്പോഴും നേത്രദാന ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന് പ്രത്യേക താത്പര്യം അദ്ദേഹം കാണിച്ചിരുന്നുവെന്ന് സക്ഷമ സംസ്ഥാന സംഘടന സെക്രട്ടറി പി. സുഭാഷ് പറഞ്ഞു. മനുഷ്യ മനസ്സിനെ ഇത്രയധികം നിരീക്ഷിച്ച് ചലച്ചിത്രത്തില്‍ പകര്‍ത്തിയ വ്യക്തിത്വങ്ങള്‍ വിരളമാണെന്നും മലയാളിയുടെ ആസ്വാദനശേഷി നിലനില്‍ക്കുന്നിടത്തോളം ശ്രീനിവാസന്റെ ഓര്‍മ്മകള്‍ ദീപ്തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കലയെയും കൃഷിയെയും സ്‌നേഹിച്ച വ്യക്തിത്വം: കര്‍ഷക മോര്‍ച്ച
പത്തനംതിട്ട: കലയെയും കൃഷിയെയും ഒരുപോലെ സ്‌നേഹിച്ച വ്യക്തിയായിരുന്നു ശ്രീനിവാസനെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവന്‍ പറഞ്ഞു. പുതുതലമുറയ്‌ക്ക് എന്നും ശ്രീനിവാസന്‍ പ്രചോദനം ആയിരുന്നെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
















