തിരുവനന്തപുരം: സമസ്ത മേഖലകളിലുമുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കൈനിറയെ സ്‌കോളര്‍ഷിപ്പുകള്‍. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇതിനെല്ലാം പ്രത്യേകമായി അപേക്ഷ ക്ഷണിച്ച് വാര്‍ത്താക്കുറിപ്പിറക്കി.
ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകളില്‍ നഴ്‌സിംഗ് ഡിപ്ലോമ, സര്‍ക്കാര്‍/ എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് നല്‍കും.
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.
സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് (മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) എ.പി.ജെ.അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിനുളള അപേക്ഷയും ക്ഷണിച്ചു.
സര്‍ക്കാര്‍/യൂണിവേഴ്സിറ്റി സ്ഥാപനങ്ങളില്‍ നിന്നും സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് ചെലവാകുന്ന കോഴ്സ് ഫീസ് , ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ ചെലവാകുന്ന തുക തിരികെ നല്‍കുന്ന പദ്ധതിയാണ് ഫീ റി ഇംപേഴ്‌സ്‌മെന്‌റ് സ്‌കോളര്‍ഷിപ്പ്. ഇതിനും അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നവര്‍ക്കും/ ബിരുദ തലത്തില്‍ 80% മാര്‍ക്കോ/ബിരുദാനന്തര ബിരുദ തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമുളള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായും സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് സി.എച്ച്.മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്റ്റൈപന്റ് നല്‍കുന്നതിനും അപേക്ഷ ക്ഷണിച്ചു.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി/കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ടിംഗ്/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനും കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
















