തൃശൂര്‍: നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന ഭാരതത്തിലെ തന്നെ ഏറ്റവും വലിയ തീയേറ്റര്‍ ഫെസ്റ്റിവല്‍ ആയ ‘ഭാരത് രംഗ് മഹോത്സവ് 2026’ ല്‍ കേരള കലാമണ്ഡലവും പങ്കെടുക്കുന്നു.
ആദ്യമായാണ് ഈ ഫെസ്റ്റിവലില്‍ കേരള കലാമണ്ഡലത്തിന് അവസരം ലഭിക്കുന്നത്. കേരള കലാമണ്ഡലത്തിന്റെ പ്രൊഡക്ഷനില്‍ കലാമണ്ഡലം നീരജ് സംവിധാനം നിര്‍വഹിച്ച ‘ദി ഓള്‍ഡ്മാന്‍ ആന്റ് ദ സീ’ – ‘കഥകളി ഓഫ് ദ മോറൊ’ എന്ന നവീന ആവിഷ്‌കാരമാണ് ഭാരത് രംഗ് മഹോത്സവത്തില്‍ അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഫെബ്രുവരി 12ന് ദല്‍ഹിയില്‍ വച്ച് രംഗാവതരണം നടക്കും. 25 അംഗങ്ങള്‍ ഉള്‍പ്പെടുന്ന കലാസംഘത്തില്‍ മാരിയോ ബര്‍സാഗി, പീശപ്പിള്ളി രാജീവന്‍, കലാമണ്ഡലം ഹരി ആര്‍. നായര്‍, കലാമണ്ഡലം വിനോദ് തുടങ്ങിയ പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കും. 2025 ഫെബ്രുവരിയില്‍ കേരള കലാമണ്ഡലം കൂത്തമ്പലത്തില്‍ വെച്ചാണ് ഈ നവീന രംഗാവിഷ്‌കാരം ആദ്യമായി അരങ്ങേറിയത്.
















