കൊച്ചി: റിട്ടയേർഡ് അദ്ധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരിയായ വനജയാണ് മരിച്ചത്. വീട്ടിനുള്ളിലെ കിടക്കയിൽ രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയിൽ വനജയുടെ ശരീരത്തിൽ നിറയെ മുറിവുകളുള്ളതായി പോലീസ് കണ്ടെത്തി. കൂടുതൽ പരിശോധനകള്‍ക്കുശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്നും മൃതദേഹത്തിൽ നിറയെ മുറിവുകളുണ്ടെന്നും പോലീസ് പറഞ്ഞു.
ഇന്നലെ പകൽ മുഴുവൻ വീട്ടിൽ വനജ തനിച്ചായിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഫോറന്‍സിക് വിദഗ്ധരടക്കമെത്തി ശാസ്ത്രീയ പരിശോധന നടത്തും. മോഷണശ്രമത്തിനിടയുള്ള കൊലപാതകം ആണോയെന്നും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് കത്തിയും കണ്ടെത്തിയിട്ടുണ്ട്.
















