- അവസരം ഫസ്റ്റ്ക്ലാസ് ബിരുക്കാര്‍ക്കും കമേര്‍ഷ്യല്‍ പ്രാക്ടീസ് ഡിപ്ലോമക്കാര്‍ക്കും
- സെലക്ഷന്‍ ഡ്രൈവ് ഡിസംബര്‍ 29ന് തിരുവനന്തപുരം വിഎസ്എസ്‌സി ഗസ്റ്റ് ഹൗസില്‍
- സ്‌റ്റൈപ്പന്റ് പ്രതിമാസം ബിരുദക്കാര്‍ക്ക് 9000 രൂപ, ഡിപ്ലോമക്കാര്‍ക്ക് 8000 രൂപ
വിശദവിവരങ്ങള്‍ www.vssc.gov.in/careers ല്‍
കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ്‌സ്‌പേസ് സെന്റര്‍ (വിഎസ്എസ്‌സി) 2025-26 വര്‍ഷത്തേക്ക് ഗ്രാഡുവേറ്റ് ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് ഡിസംബര്‍ 29 ന് സെലക്ഷന്‍ ഡ്രൈവ് നടത്തും. അപ്രന്റീസ് ആക്ട് പ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം നല്‍കും. ഗ്രാഡുവേറ്റ് അപ്രന്റീസിന് 9000 രൂപയും ടെക്‌നീഷ്യന്‍ അപ്രന്റീസിന് 8000 രൂപയും പ്രതിമാസം സ്‌റ്റൈപ്പന്റുണ്ട്.
താല്‍പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോട്ടോ, അപേക്ഷ സഹിതം അന്നേ ദിവസം നേരിട്ട് ഹാജരാകാം. ഡിസംബര്‍ 29 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണിവരെയാണ് സെലക്ഷന്‍ ഡ്രൈവ്. സ്ഥലം: വിഎസ്എസ്‌സി ഗസ്റ്റ് ഹൗസ്, എടിഎഫ് ഏരിയ, വേളി, തിരുവനന്തപുരം. അപേക്ഷകര്‍ ഓണ്‍ലൈനില്‍ ഔദ്യോഗിക പോര്‍ട്ടലായ www.nats.education.gov.in- ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
ഒഴിവുകള്‍: ഗ്രാഡുവേറ്റ് (ജനറല്‍ സ്ട്രീം- നോണ്‍ എന്‍ജിനീയറിങ്) അപ്രന്റീസ്- 23. അഡ്മിനിസ്‌ട്രേഷന്‍, ഫിനാന്‍സ്, അക്കൗണ്ട്‌സ്, പര്‍ച്ചേസ് മേഖലകളിലാണ് പരിശീലനം. യോഗ്യത- ഫസ്റ്റ് ക്ലാസ് ത്രിവത്‌സര അംഗീകൃത സര്‍വ്വകലാശാല ബിരുദം (60 ശതമാനം മാര്‍ക്കില്‍/6.32 സിജിപിഎയില്‍ കുറയരുത്).
ടെക്‌നീഷ്യന്‍ അപ്രന്റീസ്-67, യോഗ്യത: ഫസ്റ്റ്ക്ലാസ് ത്രിവത്‌സര കമേര്‍ഷ്യല്‍ പ്രാക്ടീസ് ഡിപ്ലോമ. (സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ചതാവണം).
പ്രായപരിധി 31.12.2025 ല്‍ 28 വയസ്. ഒബിസികാര്‍ക്ക് 3 വര്‍ഷത്തെയും എസ്‌സി/എസ്ടി വിഭാഗത്തിന് 5 വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും ഇളവ് ലഭിക്കും.
2021 ഏപ്രില്‍ മാസത്തിന് മുമ്പ് ഡിഗ്രി/ഡിപ്ലോമനേടിയവരും അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരും അപേക്ഷിക്കുന്നതിന് അര്‍ഹതയില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.vssc.gov.in/careers ല്‍ ലഭ്യമാണ്. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും ഡ്രൈവില്‍ പങ്കെടുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും മനസ്സിലാക്കി വേണം അപേക്ഷ തയ്യാറാക്കി നേരിട്ട് ഹജരാകേണ്ടത്.
















