കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വാസുവിന് തിരിച്ചടി. കട്ടിളപ്പാളി കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസു സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മറ്റ് പ്രതികളായ മുരാരി ബാബുവിന്റെയും കെ. എസ് ബൈജുവിന്റെയും ജാമ്യ ഹർജികളും തള്ളിയിട്ടുണ്ട്.
കേസ് അന്വേഷണ ഘട്ടത്തിലാണെന്നും ഈ അവസരത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ ബോധിപ്പിച്ചത്. ഇത് കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. ശ്രീകോവിലിന്റെ കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതിന് രേഖകളില്ലെന്ന് കാണിച്ചാണ് എൻ.വാസു ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ കർശന നടപടിയാണ് ഹൈക്കോടതി തുടരുന്നത്.
കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതിനുള്ള തെളിവുകൾ ഹാജരാക്കാൻ എസ് ഐ ടിക് കഴിഞ്ഞിരുന്നില്ല. സ്വർണം പൊതിഞ്ഞതിന് ദേവസ്വം ബോർഡിൽ രേഖകൾ ഒന്നുമില്ല. എന്നാൽ കോടതി വളരെ വിശാലമായ നിലപാടാണ് എടുത്തത്. കേസിൽ ആർക്കും ജാമ്യം നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. മറ്റ് പ്രതികളായ മുരാരി ബാബുവിനും കെ. എസ് ബൈജുവിനും ജാമ്യം നിഷേധിക്കുകയായിരുന്നു. ക്രിസ്മസ് അവധിക്കായി കോടതി അടക്കുകയാണ്. ഇനി ജനുവരി ആദ്യ വാരമേ കോടതി തുറക്കുകയുള്ളൂ.
കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശുപാർശ നൽകി എന്നതാണ് എൻ വാസുവിനെതിരായ കേസ്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ മാറ്റിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിൽ കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്‌ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്.
















