ഒരു കാലത്ത് നിരവധി പ്രദേശങ്ങളില്‍ ഉള്ള ഒരു പ്രത്യേക സമുദായത്തിന്റെ ആരാധനാപരമായും ഭരണപരമായിട്ടുള്ളതുമായ കാര്യങ്ങള്‍ നടത്തുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനും അധികാരമുള്ള സമുദായ കൂട്ടായ്‌മ ഉത്തര കേരളത്തിന്റെ പല’ഭാഗത്തും നിലവിലുണ്ടായിരുന്നു. ഇവയെ കഴകങ്ങള്‍ എന്നാണ് വിളിച്ചിരുന്നത്. കഴകങ്ങള്‍ പഴയകാലത്തെ ഭരണ സിരാകേന്ദ്രമായും കോടതിയായും പരിഗണിക്കപ്പെട്ടതായി പറയുന്നുണ്ട്. ഓരോ കഴകത്തിനും പ്രധാന ദേവ സ്ഥാനങ്ങളും ഉണ്ടായിരിക്കും.
ഇതില്‍ വടക്കേ മലബാറിലെ തീയ്യ സമുദായത്തിന്റെ നാലു കഴകങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൃക്കരിപ്പൂര്‍ ശ്രീരാമവില്യം കഴകം. പിന്നീട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഏതാണ്ട് 1000-ലേറെ വര്‍ഷത്തെ പഴക്കമുള്ള ഈ ക്ഷേത്രം പരശുരാമ പാദസ്പര്‍ശത്താല്‍ പവിത്രവും ഐതിഹ്യ പെരുമയാല്‍ സമ്പന്നവും പുരാതനവുമാണ്. കാസര്‍ഗോഡ് ജില്ലയിലെ തെക്കേ തൃക്കരിപ്പൂര്‍ ഗ്രാമത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്.
ശ്രീഒളവറ മുണ്ട്യക്കാവ് ദേവസ്വം, ശ്രീകൂലേരി മുണ്ട്യ ദേവസ്വം, ശ്രീപടന്ന മുണ്ട്യ ദേവസ്വം, ശ്രീതടിയന്‍ കൊവ്വല്‍ മുണ്ട്യ ദേവസ്വം, ശ്രീകുറുവാപ്പള്ളി അറ ദേവസ്വം എന്നീ കീഴ്ഘടക ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ വിശാലമായ പ്രവര്‍ത്തന പരിധിയുള്ളതാണ് ശ്രീരാമവില്യം കഴകം.
ഐതിഹ്യം
ക്ഷത്രിയ നിഗ്രഹത്തിന് ശേഷം പരശുരാമന്‍ ഭൂമിയില്‍ ബ്രാഹ്‌മണരെ കൊണ്ടുവന്നു പാര്‍പ്പിച്ച്,’പലയിടത്തും പല പ്രതിഷ്ഠകളും നടത്തിയിരുന്നുവത്രേ. അങ്ങനെ പരശുരാമന്‍ തൃക്കരിപ്പൂരിലെ ഇന്നത്തെ ശ്രീരാമവില്യം കഴകം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തുകയും വില്ലു വെച്ച് വിശ്രമിച്ചതായും പറയപ്പെടുന്നു. രാമന്‍ വില്ല് വെച്ചു വിശ്രമിച്ച സ്ഥലം പിന്നീട് ശ്രീരാമവില്യം എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി.
പരശുരാമന്‍ ഈ സ്ഥലത്ത് വിഷ്ണു വിഗ്രഹം പ്രതിഷ്ഠിക്കാന്‍ തുനിയുന്നുണ്ടെന്നു മനസിലാക്കിയ ക്ഷേത്രവിധ്വംസകന്‍ എന്ന അസുരന്‍ ഭാര്‍ഗവ രാമനോട് ഏറ്റുമുട്ടി പ്രതിഷ്ഠക്ക് ഭംഗം വരുത്താന്‍ ശ്രമിച്ചു. സ്ത്രീയാലോ പുരുഷനാലോ വധിക്കപ്പെടില്ലെന്ന വരബലമുള്ളതിനാല്‍ ക്ഷേത്രവിധ്വംസകനോട് ഏറ്റുമുട്ടി പരാജിതനായ പരശുരാമന്റെ തുണയ്‌ക്കായി പരമശിവന്‍ സ്ത്രീയും പുരുഷനും ചേര്‍ന്ന രൂപത്തില്‍ ഒരു ദേവിയെ ഭൂമിയിലേക്കയച്ചു. ക്ഷേത്ര വിധ്വംസകനോട് ഏറ്റുമുട്ടിയ ദേവി അസുരന്റെ ഗളച്ഛേദം ചെയ്ത് മഹാവിഷ്ണു പ്രതിഷ്ഠക്ക് വേണ്ട അനുകൂല സാഹചര്യമൊരുക്കി. ഇങ്ങനെ പടയ്‌ക്കെത്തി പരശുരാമനെ തുണച്ച ദേവിക്ക് പടക്കെത്തി ഭഗവതി എന്ന പേരും നല്‍കി. പരശുരാമന്‍ വില്ലുവെച്ച് വിശ്രമിച്ച സ്ഥലത്ത് ദേവിയെ പ്രതിഷ്ഠിക്കുകയും അടുത്തുള്ള തീയ്യ സമുദായത്തെ പൂജാകര്‍മങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് പറയുന്നത്. യാദൃച്ഛികമായി ഇവിടെ എത്തിച്ചേര്‍ന്ന ആര്യ രാജാവിന്റെ പുത്രിയായ പൂമാലയും ഈ പുണ്യ ഭൂമിയില്‍ നിലയുറപ്പിച്ചത്രേ.
ശ്രീപടക്കെത്തി ഭഗവതിയും, ശ്രീപൂമാല ഭഗവതിയുമാണ് ശ്രീരാമ വില്യം കഴകത്തെ പ്രധാന ആരാധനാമൂര്‍ത്തികള്‍, കെട്ടിക്കോലമില്ലാത്ത പൂമാല ഭഗവതിയെ തന്റെ വലതുഭാഗത്തു പ്രതിഷ്ഠിക്കുകയും തനിക്കര്‍പ്പിക്കുന്ന നൈവേദ്യത്തിന്റെ നേര്‍പ കുതി എന്നും നല്‍കിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്തുവെന്നും പറയപ്പെടുന്നു.
പാട്ടുത്സവവും പെരുങ്കളിയാട്ടവും പ്രധാന ഉത്സവങ്ങള്‍
25 വര്‍ഷം കൂടുമ്പോഴാണ് പെരുങ്കളിയാട്ടം നടക്കുന്നത്. 1999-നു ശേഷം 2025 മാര്‍ച്ചിലാണ് അവസാനമായി പെരുങ്കളിയാട്ടം നടന്നത്. ഇതുവരെ ആറു പെരുങ്കളിയാട്ടങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ടെന്ന അറിവു മാത്രമേ നാട്ടുകാര്‍ക്കുള്ളൂ. രാമവില്യം കഴകത്തില്‍ പെരുങ്കളിയാട്ടത്തോട് അനുബന്ധിച്ചു പടക്കത്തി ഭഗവതി, ആര്യക്കര ഭഗവതി, പൂമാരുതന്‍, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ചെന്തളത്ത് ഭഗവതി ഉള്‍പ്പെടെ നൂറോളം തെയ്യക്കോലങ്ങളാണ് അനുഷ്ഠാന വിധികളോടെ ഇവിടെ നടത്താറുള്ളത്. ഇത്രയും തെയ്യക്കോലങ്ങള്‍ ഇടവേളകളില്ലാതെ കെട്ടിയാടുന്ന ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആവേശവും ആരവവുമായ നിലംപണി പൂര്‍ത്തിയാക്കല്‍ പ്രധാന ചടങ്ങാണ്. ആചാരസ്ഥാനീയരുടെ നേതൃത്വത്തിലാണ് തിരുമുറ്റവും പരിസരവും ചാണകം മെഴുകി നിലംപണി ചടങ്ങ് പൂര്‍ത്തീകരിക്കുന്നത്. ഇനി അടുത്ത 25 വര്‍ഷം എത്തുമ്പോഴുള്ള പെരുങ്കളിയാട്ടത്തിനു മാത്രമേ ഇവിടെ നിലംപണി പൂര്‍ത്തിയാക്കല്‍ ചടങ്ങു നടത്തുകയുള്ളു. അന്നദാനത്തിന്റെ ഭാഗമായുള്ള വിഭവസമാഹരണത്തിന്റെ കലവറ നിറയ്‌ക്കല്‍ ആണ് ഇവിടുത്തെ സവിശേഷതയുള്ള മറ്റൊരു ചടങ്ങ്. ഇതിനോടനുബന്ധിച്ചുള്ള കലവറ ഘോഷയാത്ര ഒളവറ മുണ്ട്യക്കാവില്‍ നിന്നാണ് കഴകത്തെത്തിക്കുന്നത്. കുലേരി മുണ്ട്യ, കുറുവാ പള്ളി, തടിയന്‍ കോവ്വല്‍ മുണ്ട്യ, പടന്ന മുണ്ട്യ എന്നീ കീഴ്ഘടകത്തിന്റെ ഘോഷയാത്ര കൂടി എത്തുന്നതോടെ കലവറ നിറയ്‌ക്കല്‍ ചടങ്ങിനു തിരശീല വീഴും.
പെരുങ്കളിയാട്ടം അവസാനിച്ചതിനു ശേഷം പിന്നീട് ശ്രീരാമവില്യം കഴകം ക്ഷേത്രം പാട്ടുത്സവത്തിനും പൂരോത്സവത്തിനും സംക്രമപൂജകള്‍ക്കും മാത്രമേ ഭക്തജനങ്ങള്‍ക്കു തുറന്നുകൊടുക്കാറുള്ളൂ. ഏഴു നാള്‍ നീളുന്ന പാട്ടുത്സവം വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളിലാണ് നടത്തുന്നത്.
മീന മാസത്തില്‍ നടത്താറുള്ള പൂരോത്സവവും ഏഴു ദിവസത്തെ ആഘോഷ പരിപാടികളോടെയാണ് അവസാനിക്കുന്നത്. ശ്രീരാമവില്യം കഴകത്തിന്റെ നടത്തിപ്പു ചുമതല അഞ്ചു മുണ്ട്യകളിലുമുള്ള ഈഴവ സമുദായത്തിനാണെങ്കിലും ജാതിഭേദമെന്യേ നാട്ടുകാരുടെ നിഷ്‌കളങ്ക സഹകരണത്തിന്റെ ഉത്തമ മാതൃകയാണ് ഈ ചിരപുരാതന ദേവസ്ഥാനം.
















