കണ്ണൂര്‍: സൂപ്പര്‍ ലീഗ് രണ്ടാം സീസണിന്റെ കലാശപ്പോരാട്ടത്തിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം ഒരുങ്ങി. തൃശൂര്‍ മാജിക് എഫ്സിയും ആതിഥേയരായ കണ്ണൂര്‍ വാരിയേഴ്സുമാണ് കിരീടപ്പോരാട്ടത്തിനായി കൊമ്പുകോര്‍ക്കുന്നത്. പതിറ്റാണ്ടുകളുടെ ഇടവേളയ്‌ക്കുശേഷമാണ് വലിയൊരു ഫുട്ബോള്‍ മാമാങ്കത്തിന്റെ കലാശപ്പോരാട്ടത്തിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.
രാത്രി 7.30നാണ് കിക്കോഫെങ്കിലും വൈകിട്ട് ആറിന് ഫൈനലിനോടനുബന്ധിച്ചുള്ള പരിപാടികള്‍ ആരംഭിക്കും. വൈകിട്ട് അഞ്ചിന് സ്റ്റേഡിയത്തിലേക്ക് പ്രവേശനം തുടങ്ങും. പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടികളോടെയാകും ഫൈനല്‍ സായാഹ്നം ആരംഭിക്കുക. മത്സരത്തിന് മുന്നോടിയായി പ്രശസ്ത റാപ്പര്‍ ഗബ്രിയടക്കമുള്ള താരനിരയുടെ സംഗീതനിശ അരങ്ങേറും. വര്‍ണവിസ്മയം തീര്‍ക്കുന്ന കരിമരുന്ന് പ്രയോഗവും ലൈറ്റ് ഷോയുമടങ്ങുന്ന മികച്ച ദൃശ്യവിരുന്നാണ് സജ്ജീകരിക്കുന്നതെന്ന് എസ്എല്‍കെ അധികൃതര്‍ അറിയിച്ചു. കൂടാതെ, മത്സരത്തിന്റെ ഇടവേളയില്‍ പ്രശസ്ത ഗായകനും, രചയിതാവുമായ അറിവ് നയിക്കുന്ന സംഗീത വിരുന്നുമുണ്ടാകും.
തൃശൂര്‍ മാജിക് എഫ്സി സഹഉടമയും നടനുമായ കുഞ്ചാക്കോ ബോബന്‍, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്സി സഹഉടമയും നടനുമായ ആസിഫ് അലി, എന്നിവരുള്‍പ്പെടെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍, കായിക താരങ്ങള്‍, രാഷ്‌ട്രീയ പ്രമുഖര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഫൈനലിന്റെ മാറ്റുകൂട്ടും.
















