കൊച്ചി : യുവതി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി അക്രമം തുടര്‍ന്നപ്പോഴാണ് പ്രതികരിച്ചതെന്ന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സി ഐ പ്രതാപചന്ദ്രന്‍. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൈക്കുഞ്ഞുങ്ങളെ താഴെ എറിയാന്‍ ശ്രമിക്കുകയും വനിത ഉദ്യോഗസ്ഥരെയും യുവതി കയ്യേറ്റം ചെയ്‌തെന്നും സിഐ പ്രതാപചന്ദ്രന്‍ പ്രതികരിച്ചു.
ഗര്‍ഭിണി ആണെന്ന് അറിഞ്ഞിരുന്നില്ല. കുട്ടികളെ യുവതി എറിയാന്‍ ശ്രമിക്കുമ്പോള്‍ അത് തടയുകയായിരുന്നു. ഒരു സ്ത്രീയെ അറിഞ്ഞുകൊണ്ട് ആരും ആക്രമിക്കില്ല. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി ഉണ്ടെന്നും പ്രതാപചന്ദ്രന്‍ പറഞ്ഞു.
നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയത് ചോദ്യം ചെയ്ത് കൈക്കുഞ്ഞുമായി എത്തിയ ഗര്‍ഭിണിയെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്ന പ്രതാപചന്ദ്രന്‍ ആക്രമിച്ചത്. മര്‍ദനത്തിന് പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി കള്ളക്കേസുമെടുത്തു.
പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ ഒരു വര്‍ഷം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ കോടതി ഇടപെടലിലാണ് പുറത്തുവന്നത്.തൊടുപുഴ സ്വദേശിനി ഷൈമോള്‍ക്കും ഭര്‍ത്താവ് ബെഞ്ചോയ്‌ക്കുമാണ് ദുരനുഭവം ഉണ്ടായത്.
















