ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഓരോ വര്‍ഷവും 60 ലക്ഷം കൂട്ടികള്‍ ജനിക്കുന്നതിനാല്‍ ജനസംഖ്യാപ്പെരുപ്പം മൂലം പാകിസ്ഥാന്‍ വീര്‍പ്പുമുട്ടുകയാണ്. കോണ്ടം (ഗര്‍ഭനിരോധന ഉറകള്‍) കുറഞ്ഞവിലയ്‌ക്ക് ലഭ്യമാക്കിയാല്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിച്ചേക്കുമെന്ന ചിന്താഗതിക്കാരനാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
പക്ഷെ കോണ്ടത്തിന് വിലകുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ ഫലവത്താവുന്നില്ല. ഇപ്പോള്‍ പാകിസ്ഥാന്‍ മൂക്കുമുട്ടെ കടത്തിലാണ്. ഐഎംഎഫ് (അന്താരാഷ്‌ട്രനാണ്യനിധി) സമ്മതപ്രകാരം മാത്രമേ ഓരോ നയവും ഇവിടെ നടപ്പാക്കാന്‍ സാധിക്കൂ. കോണ്ടത്തിന് ഇപ്പോഴുള്ള 18 ശതമാനം ജിഎസ് ടി കുറയ്‌ക്കണമെന്ന് കഴിഞ്ഞ ദിവസം ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടെങ്കിലും ഐഎംഎഫ് അത് തള്ളിക്കളഞ്ഞു. ഒരു സാമ്പത്തിക വര്‍ഷത്തിന്റെ പാതിക്ക് വെച്ച് ജിഎസ് ടി വെട്ടിക്കുറയ്‌ക്കാനാവില്ലെന്നാണ് ഐഎംഎഫിന്റെ അഭിപ്രായം. മാത്രമല്ല, നികുതി കുറച്ചാല്‍ പാകിസ്ഥാന്‍ സര്‍ക്കാരിനുള്ള നികുതി വരുമാനം കുറയും. കടം കൊണ്ട് നട്ടം തിരിയുന്ന പാകിസ്ഥാന് നികുതി വരുമാനം കുറയുന്നത് സമ്മതിച്ചുകൊടുക്കാന്‍ ഐഎംഎഫ് ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല
ഒരു സ്ത്രീക്ക് 3.6 കുഞ്ഞ് എന്ന നിരക്കിലാണ് ജനസംഖ്യ വര്‍ധിക്കുന്നത്. 2024ല്‍ 25.1 കോടിയായിരുന്നു പാകിസ്ഥാന്റെ ജനസംഖ്യ. 2025ല്‍ ഇത് 25.5 കോടി മുതല്‍ 25.7 കോടി വരെ ആകുമെന്നാണ് വിലയിരുത്തല്‍.
പാകിസ്ഥാന്റെ സമ്പദ്ഘടന തകര്‍ച്ചയുടെ വക്കിലാണ്. പ്രധാനമായും ബാഹ്യ കടമാണ് പാകിസ്ഥാന്റെ വലിയ ഭീഷണി. പണപ്പെരുപ്പത്തോത് 30 ശതമാനം വരെയായിരുന്നു. ഇപ്പോള്‍ ഐഎംഎഫിന്റെ കര്‍ശനമായ നിയന്ത്രണത്തില്‍ അത് 12.6 ശതമാനം വരെയായി താഴ്ന്നിട്ടുണ്ട്. ഐഎംഎഫ് നല്‍കിയ ധനസഹായത്തിലാണ് പാകിസ്ഥാന്‍ പിടിച്ചുനില്‍ക്കുന്നത്. കയറ്റുമതി കുറയുകയും ഇറക്കുമതി വര്‍ധിക്കുകയും ചെയ്യുന്നതുകൊണ്ട് പാകിസ്ഥാന്‍ ഒരു ബാലന്‍സ് ഓഫ് പെയ്‌മെന്‍റ് (അടവ് ശിഷ്ടം) പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്.
അടുത്ത സാമ്പത്തിക സഹായം (രക്ഷാപ്പാക്കേജ്) പാകിസ്ഥാന് നല്‍കണമെങ്കില്‍ പുതിയ 64 നിബന്ധനകള്‍ പാകിസ്ഥാന്‍ അംഗീകരിച്ചേ മതിയാവൂ. അതില്‍ ഒന്നാണ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിറ്റൊഴിയണമെന്ന നിര്‍ദേശം. ഇത് അംഗീകരിച്ച ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ വിമാനക്കമ്പനി വില്‍പനയ്‌ക്ക് വെച്ചിരിക്കുകയാണ്.
















