കൊച്ചി: റഫാല്‍ യുദ്ധ വിമാനങ്ങളിലെ അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ അതിനൂതന വയേര്‍ഡ് സ്ട്രക്ചറുകള്‍ ഇനി തദ്ദേശീയമായി നിര്‍മിക്കും. ഇതിനായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എഫ്ഒ ടെക്‌നോളജീസും ഫ്രഞ്ച് എയ്‌റോസ്‌പേസ്, പ്രതിരോധ സ്ഥാപനമായ താലെസും ധാരണയായി.
26 റഫാല്‍ വിമാനങ്ങള്‍ക്ക് ഭാരതവും ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനും കരാറുണ്ടാക്കിയിരുന്നു. ഈ വിമാനങ്ങള്‍ക്കുള്ള ഘടകങ്ങളാണ് എസ്എഫ്ഒ ടെക്നോളജീസ് നിര്‍മിക്കുക. ഇടപാടിന്റെ മൂല്യമോ കാലാവധിയോ വെളിപ്പെടുത്തിയിട്ടില്ല. നെസ്റ്റ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് എസ്എഫ്ഒ ടെക്നോളജീസ്. റഫാല്‍ നിര്‍മാതാക്കളായ ദാസോയുടെ പങ്കാളികളാണ് താലെസ്.
കരാര്‍ പ്രകാരം, റഫാല്‍ യുദ്ധവിമാനത്തില്‍ ഉപയോഗിക്കുന്ന ‘ആര്‍.ബി.ഇ.2’ റഡാറിന്റെ ഉയര്‍ന്ന മൂല്യമുള്ള സങ്കീര്‍ണ ഘടനകളാണ് എസ്എഫ്ഒ ടെക്നോളജീസ് നിര്‍മിക്കുക. ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി, നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെ പ്രാദേശികവല്‍ക്കരണമാണ് പരസ്പര സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. റഫാല്‍ പദ്ധതിക്കായി തദ്ദേശീയമായി നല്‍കുന്ന ആദ്യത്തെ പ്രധാന കരാറാണ് എസ്എഫ്ഒ ടെക്നോളജീസുമായി നടപ്പാക്കുന്നതെന്ന് താലെസ് അറിയിച്ചു.
മേക് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള ശക്തമായ പ്രതിബദ്ധതയാണ് പരസ്പര സഹകരണത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് താലെസ് കമ്പനിയുടെ ഓപ്പറേഷന്‍സ് ആന്‍ഡ് പെര്‍ഫോമെന്‍സ് വിഭാഗം സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പ് നൊചെ പറഞ്ഞു. ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ നിര്‍മാണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും എസ്എഫ്ഒ ടെക്നോളജീസുമായുള്ള ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സഹായകരമാണ് പുതിയ കരാര്‍.
റഫാല്‍ ഉപകരണങ്ങളുടെ ഉത്പാദനത്തില്‍ സജീവമായി പങ്കുചേരുന്നതിലൂടെ പ്രാദേശിക ഉല്‍പാദനക്ഷമത ഉറപ്പാക്കുകയാണെന്ന് എസ്എഫ്ഒ ടെക്നോളജീസ് ചെയര്‍മാനും എംഡിയുമായ എന്‍. ജഹാംഗീര്‍ പറഞ്ഞു.
















