കാന്‍ബെറ: സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന ഭീകരാക്രമണത്തെ ഓസ്‌ട്രേലിയയിലെ ഹിന്ദു സ്വയംസേവക് സംഘ് (എച്ച്എസ്എസ്) ശക്തമായി അപലപിച്ചു. ഈ ദുഃഖത്തില്‍ ഇരകളോടൊപ്പം നിലകൊള്ളുന്നെന്നും ഓസ്ട്രേലിയന്‍ ജൂത സമൂഹത്തോടും അവരുടെ കുടുംബങ്ങളോടും ഭീരാക്രമണം ബാധിച്ച എല്ലാവരോടും അചഞ്ചലമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും എച്ച്എസ്എസ് വ്യക്തമാക്കി.
”ഏതൊരു വംശത്തിനും വിശ്വാസത്തിനും നേരെയുള്ള ആക്രമണങ്ങളും ഓസ്‌ട്രേലിയക്കാരെ ഒന്നിപ്പിക്കുന്ന അടിസ്ഥാന മൂല്യങ്ങള്‍ക്കു നേരെയുള്ള ആക്രമണമായി കരുതും. ‘വസുധൈവ കുടുംബകം’, ലോകം ഒരു കുടുംബമാണ് എന്ന കാലാതീതമായ തത്വത്തിലാണ് നാം ജീവിക്കുന്നത്. എല്ലാത്തരം വിദ്വേഷത്തിനും അക്രമത്തിനുമെതിരെ ഉറച്ചുനില്‍ക്കാനും കാരുണ്യം, ഐക്യം, ആദരവ് എന്നിവ ഉയര്‍ത്തിപ്പിടിക്കാനും ഈ ധാര്‍മികത നമ്മെ പ്രേരിപ്പിക്കുന്നു. ഈ മനോഭാവത്തില്‍, ഭീകരപ്രവര്‍ത്തനത്തെ ഞങ്ങള്‍ ഏറ്റവും ശക്തമായി അപലപിക്കുകയും ഐക്യം, സമാധാനം, പരസ്പര ബഹുമാനം എന്നിവയ്‌ക്കുള്ള അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു”, എച്ച്എസ്എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
















