ഗാന്ധിനഗര്‍ (18-12-2025): യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി റോളിങ് പേപ്പറുകള്‍, സ്മോക്കിങ് കോണുകള്‍, പെര്‍ഫക്ട് റോള്‍സ് എന്നിവയുടെ വില്പനയും വിതരണവും നിരോധിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) സെക്ഷന്‍ 163(2), 163(3) പ്രകാരം ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരും.
പുകയിലയും മറ്റു ലഹരിവസ്തുക്കളും ഉപയോഗിക്കാന്‍ ഇത്തരം പേപ്പറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ഇത്തരം പേപ്പറുകളില്‍ ആരോഗ്യത്തിന് ഹാനികരമായ ടൈറ്റാനിയം ഓക്‌സൈഡ്, പൊട്ടാസ്യം നൈട്രേറ്റ്, ക്ലോറിന്‍ ബ്ലീച്ച് തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
പാന്‍ ഷോപ്പുകളിലൂടെയും ചെറുകിട കടകളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇവ എളുപ്പത്തില്‍ ലഭ്യമാകുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 223 പ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കും എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ലഹരിമുക്ത അന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
















