ഡെറാഡൂണ്‍: ഭാരത മിലിട്ടറി അക്കാദമിയുടെ 93 വര്‍ഷത്തെ റിക്കാര്‍ഡ് തകര്‍ത്ത് ആദ്യമായി ഒരു വനിതാ ഓഫീസര്‍ പരിശീലനം പൂര്‍ത്തിയാക്കി. ഇരുപത്തിമൂന്നുകാരിയായ സായ് ജാദവ് ആണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.
1932 ല്‍ ഐഎംഎ അതിന്റെ വാതിലുകള്‍ തുറന്നതിനുശേഷം, അറുപത്തേഴായിരത്തിലധികം കേഡറ്റുകള്‍ പാസായിട്ടുണ്ട്. ഇതുവരെ അവരില്‍ ഒരാള്‍ പോലും സ്ത്രീ ആയിരുന്നില്ല. സായിയുടെ പേര് ആ ചരിത്രത്തെ മാറ്റിമറിക്കുന്നു. ജാദവ് കുടുംബത്തില്‍ നിന്ന് രാജ്യത്തിനായ് സേവനമനുഷ്ഠിക്കുന്ന നാലാമത്തെ തലമുറയാണ് സായ്. അവളുടെ മുതുമുത്തച്ഛന്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്നു. മുത്തച്ഛന്‍ ഭാരത സൈന്യത്തില്‍ കമ്മിഷന്‍ ചെയ്യപ്പെട്ടു, അച്ഛന്‍ സന്ദീപ് ജാദവ് ഇപ്പോഴും സേവനമനുഷ്ഠിക്കുന്നു.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റായിട്ടാണ് സായ് കമ്മിഷന്‍ ചെയ്തിരിക്കുന്നത്. ഐഎംഎയില്‍ നിന്ന് ഈ സേനയില്‍ ചേരുന്ന ആദ്യ വനിതാ ഓഫീസറായി. മുമ്പ് സ്ത്രീകള്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ ഐഎംഎ വഴി ഒരു സ്ത്രീയും അതില്‍ എത്തിയിട്ടില്ല. അതാണ് സായിയുടെ നേട്ടത്തെ വേറിട്ടു നിര്‍ത്തുന്നത്. പാസിങ് ഔട്ട് പരേഡില്‍ വെച്ച് സായിയുടെ തോളില്‍ മാതാപിതാക്കള്‍ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചതും ശ്രദ്ധേയമായി. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
















