തിരുവനന്തപുരം: കേരള സര്‍വകാലാശയില്‍ ഭാരതാംബയുടെ ചിത്രം വച്ചതുമായി അനാവശ്യ വിവാദമുണ്ടാക്കിയ മുന്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിന് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ ശാസ്താംകോട്ട ഡിബി കോളജില്‍ പ്രിന്‍സിപ്പലായി തിരികെ പ്രവേശിക്കാനാവില്ല.
ഒന്നുകില്‍ ഹൈക്കോടതിയില്‍ നിന്നു സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവുണ്ടാകണം. അല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കണം. ആ അപേക്ഷ പരിഗണിച്ച് വിസിക്ക് ചാന്‍സലര്‍ നിര്‍ദേശം നല്‍കിയാല്‍ മാത്രമേ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനാകൂ. അനില്‍കുമാറിന്റെ നിയമനം തന്നെ ചട്ടവിരുദ്ധമായായിരുന്നു. എയ്ഡഡ് കോളജ് പ്രിന്‍സിപ്പലിന് ഡെപ്യൂട്ടേഷനില്‍ സര്‍വകലാശാല രജിസ്ട്രാറാകാനാകില്ല. എന്നിട്ടും ഇടത് സിന്‍ഡിക്കേറ്റ് ചേര്‍ന്ന് അനില്‍കുമാറിന് കാലാവധിയും നീട്ടി നല്‍കിയിരുന്നു. അതിന് പ്രത്യുപകാരമായിരുന്നു സെനറ്റ് ഹാളിലെ ഭാരതാംബാ വിവാദവും പരിപാടി റദ്ദാക്കലും.
ഗവര്‍ണറുടെ പരിപാടി റദ്ദാക്കിയ വിഷയത്തില്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മലിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സിന്‍ഡിക്കേറ്റിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാട്ടിയെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. വിസിക്കെതിരെ എസ്എഫ്‌ഐ വലിയ പ്രതിഷേധം ഉയര്‍ത്തി. സിന്‍ഡിേക്കറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയെങ്കിലും വിസി അംഗീകരിച്ചില്ല. രജിസ്ട്രാറുടെ ചുമതല വിസി മറ്റൊരാള്‍ക്ക് കൈമാറിയിട്ടും അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തി രജിസ്ട്രാറുടെ ചുമതല വഹിക്കാന്‍ നോക്കി. ഉദ്യോഗസ്ഥരെ അടക്കം ഭീഷണിപ്പെടുത്തിയും ചുമതല നല്‍കിയ രജിസ്ട്രാര്‍ക്ക് പാസ്‌വേര്‍ഡ് നല്‍കാതെ ഫയലുകള്‍ നോക്കിയും ഭരണസ്തംഭനം ഉണ്ടാക്കി. ഇത് കോടതിയിലേക്ക് നീണ്ടു. സര്‍ക്കാര്‍ പിന്തുണ അനില്‍കുമാറിനായിരുന്നു.
എന്നാല്‍ സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയതിനു പിന്നാലെയാണ് അനില്‍കുമാറിനെ കേരള സര്‍വകലാശാലയില്‍ നിന്നു മാറ്റുന്നതെന്നതും ശ്രദ്ധേയം.















