കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള, എറണാകുളം നോര്‍ത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ ശ്രീകോവിലില്‍ കയറാന്‍ ദമ്പതിമാരുടെ ശ്രമം. വിഗ്രഹത്തില്‍ മാല ചാര്‍ത്താനായി ശ്രീകോവിലിനുളളിലേക്ക് കയറാന്‍ തുനിഞ്ഞ ദമ്പതിമാരെ മേല്‍ശാന്തി ഓടിയെത്തി തടഞ്ഞു. ശ്രീകോവിലിന്റെ രണ്ട് ചവിട്ട് പടികള്‍ കയറി ശ്രീലകത്ത് എത്തും മുമ്പ് ഇവരെ കണ്ട മേല്‍ശാന്തി ഓടിയെത്തി ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു. പരിഹാര കര്‍മമായി ബുധനാഴ്ച വൈകുന്നേരം ക്ഷേത്രത്തില്‍ പരിഹാര ക്രിയയും ശുദ്ധി കലശവും നടത്തും.
തിങ്കളാഴ്ച വൈകിട്ടാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ഉത്തരേന്ത്യന്‍ ദമ്പതികള്‍ ശ്രീകോവിലില്‍ കയറാന്‍ ശ്രമിച്ചത്. മേല്‍ശാന്തി ഈ സമയം ശ്രീകോവിലിന് പുറത്തായിരുന്നു. മാലയുമായി ഇവരെ കണ്ട് ക്ഷേത്രത്തിലെ മറ്റ് ഭക്തര്‍ മേല്‍ശാന്തിയെ വിവരം അറിയിച്ചപ്പോഴാണ് അദ്ദേഹം ഓടിയെത്തി ദമ്പതിമാരെ വിലക്കിയത്.
ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ വിഗ്രഹങ്ങളില്‍ നേരിട്ട് മാല ചാര്‍ത്താറുണ്ട്.കേരളത്തിലും അതുപോലെ ആരാധന നടത്താനാകും എന്ന് ധരിച്ചാണ് ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതെന്ന് ദമ്പതിമാര്‍ മേല്‍ശാന്തിയോട് പറഞ്ഞു. വിവരമറിഞ്ഞ് രാത്രി ക്ഷേത്രം തന്ത്രിയെത്തി പുണ്യാഹം നടത്തി.
















