ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും വിദേശ മണ്ണിലെ പരമോന്നത ബഹുമതി ലഭിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെത്തിയ അദ്ദേഹത്തിന് അഡിസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ എത്യോപ്യയുടെ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് ഈ അവാർഡ് സമ്മാനിച്ചു.
ഇന്ത്യ-എത്യോപ്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അസാധാരണ സംഭാവനകൾക്കും ആഗോള രാഷ്‌ട്രതന്ത്രജ്ഞൻ എന്ന നിലയിൽ ദീർഘവീക്ഷണമുള്ള നേതൃത്വ വ്യക്തിയെന്ന നിലയക്കുമാണ് എത്യോപ്യയുടെ പരമോന്നത ബഹുമതിയായ ‘ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ’ നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്.
അതേ സമയം ഈ അവാർഡ് ലഭിച്ചതിൽ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളിൽ ഒന്നിൽ നിന്ന് ഈ അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ അവാർഡ് അഗാധമായ വിനയത്തോടും നന്ദിയോടും കൂടി സ്വീകരിച്ചു. ഈ ബഹുമതിക്ക് പ്രധാനമന്ത്രി ഡോ. അബിയ്‌ക്കും എത്യോപ്യയിലെ ജനങ്ങൾക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൂടാതെ ദേശീയ ഐക്യം, സ്ഥിരത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി ഡോ. അബിയുടെ നേതൃത്വത്തെയും മോദി പ്രശംസിച്ചു. ഒരു നൂറ്റാണ്ടിലേറെയായി എത്യോപ്യയുടെ പുരോഗതിക്കും വികസനത്തിനും സംഭാവന നൽകാൻ ഇന്ത്യൻ അധ്യാപകർക്ക് ഭാഗ്യമുണ്ടായെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇതിനു പുറമെ നൂറ്റാണ്ടുകളായി ഉഭയകക്ഷി ബന്ധം വളർത്തിയെടുത്ത എല്ലാ ഇന്ത്യക്കാർക്കും എത്യോപ്യക്കാർക്കും ഈ അവാർഡ് സമർപ്പിക്കുന്നതായും പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ബഹുമതി ലഭിച്ചതിന് 1.4 ബില്യൺ ഇന്ത്യക്കാരുടെ പേരിലും മോദി ഹൃദയംഗമമായ നന്ദി അറിയിച്ചു. അതേ സമയം ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള അടുത്ത പങ്കാളിത്തത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ അവാർഡ്. കൂടാതെ ആഗോള ദക്ഷിണേഷ്യക്കായി ഒരു നല്ല അജണ്ട മുന്നോട്ട് കൊണ്ടുപോകാനും ഈ അവാർഡ് സഹായകമാകുമെന്നുറപ്പാണ്.
















