ലൊസാഞ്ചലസ്: ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും (78) ഭാര്യ മിഷേല്‍ റെയ്‌നറും (68) കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മകന്‍ നിക്ക് റെയ്‌നറെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ ഇരുവരേയും കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും നിക്ക് കുത്തി കൊല്ലുകയായിരുന്നുവെന്നാണ് വിവരം. മെഡിക്കല്‍ സഹായം ആവശ്യപ്പെട്ടുള്ള ഫോണ്‍ കോളിനെ തുടര്‍ന്നെത്തിയ സംഘമാണ് 3.40 ഓടെ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
1980-90കളില്‍ റോബ് ഒട്ടേറെ സിനിമകള്‍ സംവിധാനം ചെയ്യുകയും 1970കളിലെ ക്ലാസിക് ടിവി പരമ്പരയായ ഓള്‍ ഇന്‍ ദ ഫാമിലിയിലൂടെ നടനെന്ന നിലയില്‍ അംഗീകാരം നേടുകയും ചെയ്തു. 1984ല്‍ ഇറങ്ങിയ ‘ദിസ് ഈസ് സ്‌പൈനല്‍ ടാപ്’ ആണ് ആദ്യമായി സംവിധാനം ചെയ്തത്. ഈ സിനിമയില്‍ റോബ് നായകനുമായി. വെന്‍ ഹാരി മെറ്റ് സാലി, ദി പ്രിന്‍സസ് ബ്രൈഡ്, ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ് സ്റ്റാന്‍ഡ് ബൈ മി, മിസറി, എ ഫ്യൂ ഗുഡ് മെന്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ക്ലാസിക് സിനിമകള്‍ സംവിധാനം ചെയ്തതിലൂടെയും ലിബറല്‍ ലക്ഷ്യങ്ങള്‍ക്കും ജനാധിപത്യ രാഷ്‌ട്രീയത്തിനും വേണ്ടി വാദിച്ചതിലൂടെയും റോബ് റെയ്‌നര്‍ കൂടുതല്‍ അറിയപ്പെട്ടു. റോബിന്റെ ഭാര്യ മിഷേല്‍ സിങ്ങര്‍ ഫോട്ടോഗ്രഫറാണ്. സ്‌പൈനല്‍ ടാപ്പ് താരം ക്രിസ്റ്റഫര്‍ ഗസ്റ്റും ഭാര്യ ജാമി ലീ കര്‍ട്ടിസും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും തുടങ്ങി, ഹോളിവുഡില്‍ നിന്നും യുഎസ് രാഷ്‌ട്രീയത്തില്‍ നിന്നുമുള്ള പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.











