തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതി പൂര്‍ണമായും കേന്ദ്രപദ്ധതിയാണെന്നും അതിന്റെ 90 ശതമാനം ഫണ്ടും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നതെന്നും തുറന്നുപറഞ്ഞ് തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ്. മെറ്റീരിയല്‍ ഘടകത്തിന്റെ 25 ശതമാനം തുക മാത്രമാണ് സംസ്ഥാനം വഹിക്കുന്നത്. 125 തൊഴില്‍ ദിനങ്ങളായി ഉയര്‍ത്തുമെന്നത് പൊള്ളയായ വാഗ്ദാനമാണ്. നിലവിലെ 40 ശതമാനം അധികബാധ്യത സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിവര്‍ഷം ശരാശരി 4000 കോടി രൂപയാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിക്ക് ചെലവായി വരുന്നത്. ഇതിന്റെ 90 ശതമാനവും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. നിലവില്‍ മെറ്റീരിയല്‍ ഘടകത്തിന്റെ 25 ശതമാനം തുക മാത്രമാണ് സംസ്ഥാനം വഹിക്കുന്നത്. ബില്ലിലെ സെക്ഷന്‍ 22(2) പ്രകാരം പദ്ധതിയുടെ ആകെ ചെലവ് വിഹിതം 60:40 എന്ന ശതമാനത്തിലേക്ക് മാറ്റുമ്പോള്‍ ആകെ ചെലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടി വരും. ഇത് സംസ്ഥാനത്തിന് വലിയ ബാധ്യതയാണ് ഉണ്ടാക്കുക. ശരാശരി 4000 കോടി രൂപ വാര്‍ഷിക ചെലവ് വരുന്ന പദ്ധതിയുടെ 40 ശതമാനം തുകയായ 1600 കോടി രൂപ സംസ്ഥാനത്തിന്റെ ബാധ്യതയിലേക്ക് മാറ്റപ്പെടും. കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം നടപ്പിലാക്കുന്നതിന് തുല്യമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്നും മന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 40.42 ലക്ഷം കുടുംബങ്ങളിലായി 59.4 ലക്ഷം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 19.37 ലക്ഷം സജീവ കുടുംബങ്ങളിലായി 22.61 ലക്ഷം സജീവ തൊഴിലാളികള്‍ ഉണ്ട്. 2024-25 സാമ്പത്തിക വര്‍ഷം 13.72 ലക്ഷം കുടുംബങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തിട്ടുള്ളതും 9.07 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതുമാണ്. ഇതുവഴി തൊഴില്‍ കൂലി ഇനത്തില്‍ 3107.914 കോടി രൂപയും, 713.05 കോടി സാധന-വിദഗ്ധ കൂലി ഇനത്തിലും മാത്രം ചെലവഴിച്ചു. മൊത്തം ചെലവ് 4011.53 കോടി രൂപ. ഇതിന്റെ 90 ശതമാനം കേന്ദ്രസര്‍ക്കാരും 10 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിച്ചത്. നാട്ടിലെ സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഈ കൂലിയില്‍ 40 ശതമാനം ഇനി സംസ്ഥാന സര്‍ക്കാരാണ് നല്‍കേണ്ടത്. രാജ്യത്ത് ഏറ്റവും മാതൃകാപരമായി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
പുതിയ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനു ഒരു സാമ്പത്തിക വര്‍ഷത്തെ വിഹിതം വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഇതിനുപരിയായി വരുന്ന ചെലവു സംസ്ഥാനം വഹിക്കണം എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വേതന നിരക്കില്‍ കണക്കാക്കിയാല്‍ ഇത് ഏകദേശം 1400 കോടി രൂപയോളം വരും. സംസ്ഥാനം ഈ തുക അധികമായി കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാകും. ഇത്രയുംകാലം സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്നു പറഞ്ഞാണ് സര്‍ക്കാരും പാര്‍ട്ടിയും തൊഴിലുറപ്പു തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരുന്നത്. അതിനാണ് പദ്ധതിയുടെ പേരുമാറ്റത്തിലൂടെയും വ്യവസ്ഥാമാറ്റത്തിലൂടെയും അറുതി വരുന്നത്.
തീരുമാനങ്ങളെടുക്കുന്നതില്‍ സംസ്ഥാനത്തിന് ഒരു പങ്കാളിത്തവും ഇല്ലെന്നും സംസ്ഥാനതല സമിതിയില്‍ കേന്ദ്ര പ്രതിനിധി വരുമെന്നും തൊഴില്‍ നല്‍കാത്ത സാഹചര്യത്തിലെ അലവന്‍സിന്റെയും, വേതനം വൈകുന്നതിന്റെ നഷ്ടപരിഹാരവും പൂര്‍ണമായും സംസ്ഥാനത്തിന്റെ ചുമതലയായി വരുന്നുവെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ദിനങ്ങള്‍ 100 ല്‍ നിന്ന് 125 ആക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനവും പൊള്ള വാഗ്ദാനമാണ്. കേന്ദ്രസര്‍ക്കാര്‍ നോട്ടിഫൈ ചെയ്യുന്ന ഗ്രാമീണ മേഖലകളില്‍ തൊഴില്‍ ചെയ്യാന്‍ സന്നദ്ധമായവര്‍ക്ക് 125 ദിവസത്തെ തൊഴില്‍ നല്‍കുമെന്നാണ് സെക്ഷന്‍ 5(1) പറയുന്നത്. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും നോട്ടിഫൈ ചെയ്യപ്പെടണമെന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ പദ്ധതിയിലെ റിസ്ക് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ മന്ത്രിക്കോ സാധ്യമല്ലെന്നും അതില്‍ നിന്നുള്ള നേട്ടങ്ങള്‍ തങ്ങളുടെ സ്വന്തമാക്കുക എന്നതുമാത്രമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും വെളിപ്പെട്ടിരിക്കുകയാണ്.















