മുംബൈ: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം നടത്തിയ മഹാരാഷ്‌ട്ര സ്വദേശിയായ ബാങ്ക് ഏജന്റ് പോലീസ് പിടിയില്‍.
ലാത്തൂരിലെ ബാങ്ക് റിക്കവറി ഏജന്റായ ഗണേഷ് ആണ് പിടിയിലായത്. ഇയാള്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഒരു യാത്രക്കാരനെ കൊല്ലുകയായിരുന്നു. ശനിയാഴ്ച ഔസയിലെ തുളജാപ്പൂര്‍ ടി-ജംഗ്ഷനില്‍ വെച്ച് ലിഫ്റ്റ് ചോദിച്ച കാല്‍നട യാത്രക്കാരനായ ഗോവിന്ദ് യാദവിനെയാണ് ഗണേഷ് കാറിലിട്ട് തീകൊളുത്തി കൊന്നത്.
ഞായറാഴ്ച പുലര്‍ച്ചെ ലാത്തൂരിലെ ഔസ താലൂക്കില്‍ കത്തിക്കരിഞ്ഞ കാറില്‍ പൂര്‍ണമായും കത്തിപ്പോയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കാറിന്റെ ഉടമയെ കണ്ടെത്തുകയും ഇയാള്‍ കാര്‍ തന്റെ ബന്ധുവായ ബാങ്ക് റിക്കവറി ഏജന്റായ ഗണേഷ് ചവാന് നല്‍കിയിരുന്നുവെന്നും വ്യക്തമായി. പോലീസ് ഗണേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍, ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും വീട്ടുകാര്‍ അറിയിച്ചു. ഈ വിവരങ്ങളെല്ലാം വെച്ച് മരിച്ചത് ഗണേഷ് ആണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ അന്വേഷണത്തിനിടയില്‍ ഗണേഷിന് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തപ്പോള്‍, സംഭവത്തിന് ശേഷം ഗണേഷ് മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കുകയും ചാറ്റ് ചെയ്തിരുന്നതായും കണ്ടെത്തി. തുടര്‍ന്ന് കാറിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം ആരുടെയാണെന്ന് അറിയാന്‍ പോലീസ് ഗണേഷിന്റെ പുതിയ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു. ഇത് പോലീസിനെ ആദ്യം കോലാപൂരിലേക്കും പിന്നീട് സിന്ധുദുര്‍ഗ് ജില്ലയിലെ വിജയദുര്‍ഗിലേക്കും എത്തിച്ചു. അവിടെ നിന്നാണ് പോലീസ് ഗണേഷിനെ അറസ്റ്റ് ചെയ്തത്.
















