അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) വരും സീസണിലേക്കുള്ള വിവിധ ഫ്രാഞ്ചൈസികള്‍ ടീം അംഗങ്ങളെ ലേലം വിളിച്ചെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. അബുദാബിയില്‍ ഇന്നലെ നടന്നത് മിനി ലേലം ആണ്.
ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരം. 25.20 കോടി രൂപയ്‌ക്ക് കൊല്‍ക്കത്തയാണ് ഗ്രീനിനെ സ്വന്തമാക്കിയത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ലേലതുകയാണിത്. ഋഷഭ് പന്തും(27 കോടി) ശ്രേയസ് അയ്യരും(26.75) ആണ് ഗ്രീനിനേക്കാള്‍ മികച്ച ലേലത്തുക ലഭിച്ച താരങ്ങള്‍.
ഐപിഎല്ലിന്റെ മിനി ലേല വ്യവസ്ഥകള്‍ അനുസരിച്ച് 18 കോടി രൂപയേ ഗ്രീനിന് ലഭിക്കൂ. ബാക്കി തുക ബിസിസിഐയുടെ അക്കൗണ്ടിലേക്കെത്തും. അതേസമയം ഭാരത താരങ്ങള്‍ക്കാണ് കൂടുതല്‍ തുക ലഭിക്കുന്നതെങ്കില്‍ ഈ വ്യവസ്ഥ ബാധകമായിരിക്കില്ല. വിദേശ താരങ്ങളുടെ ലേലത്തില്‍ ഇത്തരമൊരു നഷ്‌കര്‍ഷ കൊണ്ടുവന്നിരിക്കുന്നതിനെയാണ് മിനി ലേലം എന്ന് വിശേഷിപ്പിച്ചത്.
മിനിലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ച ഭാരത താരങ്ങള്‍ പ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ എന്നിവരാണ്. ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത ഇരുവര്‍ക്കും 14.20 കോടി രൂപ വീതമാണ് ലഭിച്ചത്. രണ്ട് പേരെയും സ്വന്തമാക്കിയത് ചെന്നൈ സൂപ്പര്‍ കിങ്‌സ്(സിഎസ്‌കെ) ആണ്.
ആകെയുള്ള പത്ത് ഫ്രാഞ്ചൈസികളിലായി 77 ഒഴിവുകളിലേക്കാണ് ലേലം നടന്നത്. ആകെ 369 താരങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്.
ലേലത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ്. 64.30 കോടിയാണ് കൊല്‍ക്കത്ത ചിലവഴിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. 43.40 കോടി രൂപയാണ് ചെന്നൈ ലേലത്തിനായി മുടക്കിയത്.











