ലണ്ടന്‍: കനത്ത ചൂടുള്ള കാലാവസ്ഥയില്‍ ടെന്നീസ് മത്സരത്തിനിടെ നിര്‍ബന്ധിത ഇടവേള നല്‍കുന്ന നിയവുമായി അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ്(എടിപി). 2026 സീസണ്‍ മുതല്‍ നിയമം നടപ്പിലാക്കി തുടങ്ങും.
ഡബ്ല്യുടിഎ വനിതാ ടെന്നീസില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ നടപ്പാക്കിയതിന് സമാനമായ നിയമമാണ് എടിപിയും അനുവര്‍ത്തിക്കുക. പുരുഷ സിംഗിള്‍സ് മത്സരങ്ങളുടെ ബെസ്റ്റ് ഓഫ് ത്രിയില്‍ ആദ്യ രണ്ട് സെറ്റുകള്‍ക്ക് ശേഷം പത്ത് മിനിറ്റ് നേരത്തെ കൂളിങ് ബ്രേക്ക് നല്‍കാനാണ് തീരുമാനം.
വെറ്റ് ബള്‍ബ് ഗ്ലോബ് ടെംപറേച്ചര്‍(ഡബ്ല്യുബിജിടി) അടിസ്ഥാനമാക്കിയാണ് പുതിയ നിയമം നടപ്പാക്കുക. സൂര്യനില്‍ നിന്ന് നേരിട്ടെത്തുന്ന പ്രകാശത്തിന്റെ തീവ്രത അളക്കുന്ന സംവിധാനമാണ് ഡബ്ല്യുബിജിടി. ഊഷ്മാവിനെ നിരീക്ഷിക്കുന്നതിനൊപ്പം, ഹുമിഡിറ്റി, കാറ്റിന്റെ വേഗത, സൂര്യകോണ്‍, മേഘാവൃതം എന്നിവ രേഖപ്പെടുത്താനുള്ള ശേഷി ഡബ്ല്യുബിജിടിക്കുണ്ടാകും. ആദ്യ രണ്ട് സെറ്റ് നടക്കുമ്പോള്‍ ഡബ്ല്യുബിജിടിയില്‍ 30.1 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയാല്‍ മൂന്നാമത്തെ സെറ്റ് തുടങ്ങും മുമ്പേ കൂളിങ് ബ്രേക്ക് നല്‍കും. അതല്ലെങ്കില്‍ മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് പത്ത് മിനിറ്റ് കൂളിങ് ബ്രേക്ക് നല്‍കും.
പ്രതികൂലമായേക്കാവുന്ന കാലാവസ്ഥകളില്‍ താരങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ നയം കൊണ്ടുവരുന്നതെന്ന് എടിപി ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ ചൈനയില്‍ പകല്‍ സമയത്ത് ഷാങ്ഹായ് മാസ്‌റ്റേഴ്‌സ് പുരോഗമിക്കുന്നതിനിടെ ലോക 15-ാം നമ്പര്‍ താരം ഹോള്‍ഗര്‍ റൂണെ ചൂട് കാരണം അവശനായി വൈദീക സഹായം തേടിയിരുന്നു. 34 ഡിഗ്രി ചൂടും 80 ശതമാനം ഹ്യുമിഡിറ്റിയുമുള്ള സാഹചര്യത്തിലാണ് അന്ന് മത്സരം പുരോഗമിച്ചത്. സംഭവത്തെ തുടര്‍ന്ന് കളിക്കിടെ താരങ്ങള്‍ മരിക്കണമെന്നാണോ അധികൃതര്‍ ആഗ്രഹിക്കുന്നത് എന്ന വൈകാരിക വിമര്‍ശനം വരെ ഉയര്‍ന്നു.












