തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ വിലക്കപ്പെട്ട മുഴുവന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. മുന്‍ നിശ്ചയപ്രകാരമുള്ള മുഴുവന്‍ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന് ചലച്ചിത്ര അക്കാദമിക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ഐഎഫ്എഫ്‌കെയില്‍ ഇനി പ്രദര്‍ശനാനുമതി കിട്ടേണ്ടിയിരുന്നത് 15 ചിത്രങ്ങള്‍ക്ക് ആയിരുന്നു. നേരത്തെ 19 ചിത്രങ്ങളുണ്ടായിരുന്നുവെങ്കിലും നാല് എണ്ണത്തിന് ഇന്ന് അനുമതി ലഭിച്ചിരുന്നു. മുന്‍കൂര്‍ ഷെഡ്യൂള്‍ ചെയ്ത പ്രകാരം എല്ലാ സിനിമകളിലും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിക്കും സെക്രട്ടറിക്കും നിര്‍ദേശം നല്‍കി.
ഈ സിനിമകള്‍ കാണാനുള്ള പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ല. ഫെസ്റ്റിവല്‍ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.















