പാലക്കാട്: പൊല്‍പ്പുളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.ബാലഗംഗാധരന്‍ ബിജെപിയില്‍ ചേര്‍ന്നു. ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് കല്ലൂട്ടിയാല്‍ 12-ാം വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹം കേരള കര്‍ഷക സംഘം പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗമാണ്.
2020ല്‍ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും വിജയിച്ചതും. എല്ലാവരെയും ഏകോപിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി മുന്നോട്ടുപോകണമെന്നാണ് താല്പര്യം. അതിനനുസൃതമായി മുന്നോട്ടുപോകാന്‍ ശ്രമിച്ചെങ്കിലും പല കാര്യങ്ങളിലും സിപിഎമ്മിന്റെ ഭാഗത്തു നിന്നും തടസ്സങ്ങളാണ് ഉന്നയിച്ചത്. ഒരു കാര്യത്തിലും യോജിച്ച് മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിവിശേഷം ഉണ്ടായിരുന്നു.
വികസനത്തിലുപരി വ്യക്തി താല്പര്യവും പാര്‍ട്ടി താല്പര്യവുമായിരുന്നു അവര്‍ക്ക് പ്രധാനം. ജനപക്ഷത്തു നിന്നുള്ള കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ ജല്‍-ജീവന്‍ മിഷന്‍ പദ്ധതിപോലും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് ആക്കിത്തീര്‍ക്കുവാനാണ് ശ്രമിച്ചത്. കുടിവെള്ളത്തില്‍ പോലും രാഷ്‌ട്രീയം കലര്‍ത്തുകയായിരുന്നു. വികസനത്തിലുപരി വിഭാഗീയ ചിന്താഗതിയാണ് അവര്‍ വച്ചുപുലര്‍ത്തിയത്. പഞ്ചായത്തിന്റെ വികസനമെന്ന കാഴ്ചപ്പാടിനെ മാറ്റിമറിക്കുവാന്‍ പാര്‍ട്ടിയിലെ ചില തല്‍പ്പര കക്ഷികള്‍ എല്ലായിപ്പോഴും സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് പറഞ്ഞു.
ആറരവര്‍ശത്തോളം സിപിഎമ്മിന്റെ വേട്ടാംകുളം ബ്രാഞ്ച്സെക്രട്ടറിയായിരുന്നു. പ്രസിഡന്റായി ചുമതല ഏറ്റെടുത്തപ്പോഴാണ് സ്ഥാനം രാജിവച്ചത്. ഏറ്റവും ഒടുവില്‍ പാര്‍ട്ടി അംഗത്വം പുതുക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ആശയങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളിലുമുള്ള താല്പര്യമാണ് ബിജെപിയില്‍ ചേരുവാനുള്ള കാരണം. പാര്‍ട്ടിയില്‍ ഒരു സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, മുതിര്‍ന്ന നേതാവ് എന്‍.ശിവരാജന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, ജില്ലാ സെല്‍കണ്‍വീനര്‍ രാജേന്ദ്രപ്രസാദ്, എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















