കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം. ശ്രീകോവിലിന്റെ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ എന്ന് ആവർത്തിച്ച് കോടതി. ഇത് സ്ഥിരീകരിക്കാനാവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ എസ്ഐടിക്കോ കഴിഞ്ഞില്ല. ഇതോടെയാണ് കോടതി സർക്കാർ നടപടികളെ സർക്കാർ നടപടികളെ ചോദ്യംചെയ്തത്.
ദേവസ്വം മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആണ് ചോദ്യം. ചെമ്പ് പൊതിഞ്ഞതെന്ന് ദേവസ്വം മുൻ പ്രസിഡന്റ് എൻ വാസു ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. കട്ടിളപ്പാളിയിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തു എന്ന് സ്മാർട്ട് ക്രിയേഷൻസിലെ പങ്കജ് ഭണ്ഡാരിയുടെ മൊഴി മാത്രമാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോ എന്നും രേഖയില്ലെങ്കിൽ പിന്നെ കേസ് എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു.
കുറ്റം ചെയ്തിട്ടുണ്ടോയെന്നതൊക്കെ വിചാരണക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യമെന്ന് ഹൈക്കോടതി പറഞ്ഞു. ഹർജി വിധി പറയാൻ മാറ്റി. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാൻ കൊടുത്തുവിട്ടു എന്ന കുറ്റത്തിനാണ് അന്നത്തെ ദേവസ്വം ബോർഡ് കമ്മീഷണർ ആയിരുന്ന എൻ. വാസു ജയിലിൽ കഴിയുന്നത്. തെളിവുകളുടെ അഭാവത്തിൽ കട്ടിളപ്പാളി നേരത്തെ സ്വർണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളിൽ ഒരിടത്തും പറയുന്നില്ല എന്ന നിലപാടാണ് എൻ. വാസുവിന്റെ അഭിഭാഷകൻ സ്വീകരിച്ചിരിക്കുന്നത്.
എഫ്ഐആറിൽ കട്ടിളപ്പാളി മാത്രമാണ് കോടതി പരാമർശിച്ചതെങ്കിലും ശിവരൂപം, ആർച്ച, വ്യാളി, രാശി പ്ലേറ്റ്, ദശാവതാരം എന്നിവയും ഉൾപ്പെട്ടതാണെന്ന വാദമാണ് സർക്കാർ ഉയർത്തിയത്. എന്നാൽ, ഈ റിപ്പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിലോ വിജിലൻസ് കോടതിയിലോ നൽകിയിട്ടില്ലെന്നും നിലവിൽ എഫ്ഐആർ പ്രകാരം കട്ടിളപ്പാളി തന്നെയാണ് പ്രധാന വിഷയമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
















