മട്ടാഞ്ചേരി: സമുദ്രയാന മേഖലയില്‍ ഭാരതത്തിന് കുതിപ്പേകി ആദ്യത്തെ അന്താരാഷ്‌ട്ര സ്വയംഭരണ കപ്പല്‍ശാല നിര്‍മിക്കുന്നു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ ബൊഗൊലു മണ്ഡലത്തിലാണ് കപ്പല്‍ശാലയും നാവിക കേന്ദ്രവും നിര്‍മിക്കുന്നത്. ജൂവ് വാലാഡിന്‍ ഫിഷറീസ് ഹാര്‍ബറിന് സമീപം 29.58 ഏക്കറിലാണ് കപ്പല്‍ശാല ഉയരുന്നത്.
സാഗര്‍ ഡിഫന്‍സ് എന്‍ജിനീയറിങ്ങാണ് സ്വയംഭരണ കപ്പല്‍ശാല നിര്‍മിക്കുന്നത്. 5000 കോടി രൂപയാണ് നിക്ഷേപം. 10000 പേര്‍ക്ക് നേരിട്ടും പരോക്ഷമായി കാല്‍ലക്ഷം പേര്‍ക്കും തൊഴിലവസരമുണ്ടാകും. കപ്പല്‍ശാലക്കൊപ്പം സുരക്ഷയൊരുക്കി നാവികസേനാ കേന്ദ്രവുമുയരും. സാങ്കേതിക ആവാസ വ്യവസ്ഥ, ഉപരിതല, ഭൂഗര്‍ഭ സമുദ്ര പ്ലാറ്റ്‌ഫോമുകള്‍, തദ്ദേശീയ ശക്തിയില്‍ പ്രതിരോധ സന്നദ്ധത, പാരിസ്ഥിതിക പ്രകടനം, സമുദ്ര മേഖലയിലെ തൊഴിലാളി വളര്‍ച്ച, ചരക്ക് കപ്പലുകളുടെ കാര്യക്ഷമത വര്‍ധന തുടങ്ങി ബഹുമുഖ വികസനലക്ഷ്യവുമായാണ് ഇത് പ്രവര്‍ത്തിക്കുക. 2027ല്‍ കമ്മീഷന്‍ ചെയ്യുകയാണ് ലക്ഷ്യം.











