കോഴിക്കോട് (16-12-2025): തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നടത്തിയ വിജയാഘോഷത്തിനിടെ ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചാണകവെള്ളം തളിച്ച സംഭവത്തിൽ വിവാദം കനക്കുന്നു. മുസ്ലിം ലീഗ് പ്രവർത്തകരാണ് വിജയാഘോഷത്തിനിടെ ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചാണകവെള്ളം തളിച്ചത്.
സംഭവത്തെ ജാതി അധിക്ഷേപമായി വിലയിരുത്തി സിപിഎം രംഗത്തെത്തി. കഴിഞ്ഞ തവണ എൽഡിഎഫ് ഭരിച്ച പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളായിരുന്നു പ്രസിഡന്റ്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിലാണ് സംഭവം നടന്നത്.
വിജയാഘോഷത്തിനായി എത്തിയ ലീഗ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ ചാണകവെള്ളം തളിക്കുകയും ചൂലുകൊണ്ട് അടിക്കുകയും ചെയ്യുകയായിരുന്നു. യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു ചാണകവെള്ളം തളിച്ചതെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സിപിഎം അറിയിച്ചു.
















