ചെന്നൈ: ഡിജിറ്റല്‍ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി പത്മഭൂഷണ്‍ ജേതാവും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മുന്‍ സെക്രട്ടറിയുമായിരുന്ന ടി. രാമസാമിയുടെ 57 ലക്ഷം രൂപ കവര്‍ന്നു. നിയമപാലകരായി വേഷംമാറിയെത്തിയ തട്ടിപ്പുകാര്‍ 77 കാരനായ രാമസാമിയുടെ സ്ഥിരനിക്ഷേപം മ്യൂള്‍ അക്കൗണ്ടുകളിലേക്ക് (കള്ളപ്പണം വെളുപ്പിക്കുക, നികുതി വെട്ടിപ്പ്, മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന അക്കൗണ്ട്) മാറ്റുകയായിരുന്നു.
ടെലികമ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്നുള്ളതാണെന്ന വ്യാജേന ഒരു അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ ലഭിച്ചതായും തന്റെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ദല്‍ഹിയില്‍ നിന്ന് ഒരു സിം കാര്‍ഡ് വാങ്ങിയിട്ടുണ്ടെന്നും ആ സിം ഉപയോഗിച്ച് നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ദല്‍ഹി പോലീസില്‍ 14 പരാതികള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും വിളിച്ചയാള്‍ രാമസാമിയോട് പറഞ്ഞു. പിന്നീട് ഒരു മണിക്കൂറിനുള്ളില്‍ ദല്‍ഹി പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാനും, താന്‍ ചെന്നൈയിലാണ് താമസിക്കുന്നതെന്നും ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ദല്‍ഹിയില്‍ എത്താന്‍ കഴിയില്ലെന്നും അറിയിച്ചതിനെത്തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടറാണെന്ന് പരിചയപ്പെടുത്തി മോഹന്‍ സിങ് എന്നയാള്‍ വീഡിയോ കോള്‍ വിളിച്ചു. പിന്നീട് സിബിഐ ഓഫീസറെന്ന് സ്വയം പരിചയപ്പെടുത്തിയ കീര്‍ത്തി സന്യാല്‍ എന്നയാള്‍ ഫോട്ടോയും ആധാര്‍ നമ്പറും ഉള്‍പ്പെടുത്തിയ അറസ്റ്റ് വാറന്റ് രാമസാമിക്ക് കാണിച്ചുകൊടുക്കുകയും കുറ്റകൃത്യം രഹസ്യമാക്കി വയ്‌ക്കുവാന്‍ നിര്‍ദ്ദേശിക്കുകയും രണ്ടു ദിവസത്തോളം ഇത്തരത്തില്‍ സംസാരം തുടരുകയുമായിരുന്നു.
ആര്‍ബിഐ നടപടിക്രമങ്ങള്‍ അനുസരിച്ച് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി തരുന്നതിനായി തട്ടിപ്പുസംഘം നിര്‍ദ്ദേശിച്ച അക്കൗണ്ടുകളിലേക്ക് മുഴുവന്‍ സമ്പാദ്യവും സ്ഥിരനിക്ഷേപവും മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് സപ്തംബര്‍ 15 ന് 30 ലക്ഷം രൂപയും 16 ന് 27 ലക്ഷം രൂപയും എന്നിങ്ങനെ രണ്ട് ഗഡുക്കളായി രാമസാമി മൊത്തം 57 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് കേസില്‍ നിന്ന് പൂര്‍ണമായും മോചിതനാകാന്‍ ഏകദേശം 2.43 കോടി രൂപ അയക്കണമെന്ന് ആവശ്യപ്പെടുകയും, ഇതില്‍ സംശയം തോന്നിയ രാമസാമി, നവംബറില്‍ ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവത്തില്‍ ഗ്രേറ്റര്‍ ചെന്നൈ പോലീസിന്റെ (ജിസിപി) സൈബര്‍ ക്രൈം വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തതായും, നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം തമിഴ്നാട്ടിലെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ 1,203 ഡിജിറ്റല്‍ അറസ്റ്റ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആയതിനാല്‍ ഇത്തരം കാര്യങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.













