ലോകത്ത് സമാധാനവും സ്‌നേഹവും പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് ഓസ്‌ട്രേലിയയിലെ സിഡ്നിയിലുണ്ടായ ഇസ്ലാമിക ഭീകരാക്രമണം. പാകിസ്ഥാന്‍ വംശജരായ അച്ഛനും മകനുമാണ് ബോണ്ടി ബീച്ചില്‍ തോക്കുമായെത്തി പതിനഞ്ച് പേരെ നിഷ്‌കരുണം കൊലപ്പെടുത്തിയത്. പത്തു വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഭീകരാക്രമണത്തിന്റെ ഇരയായി. പിതാവായ ഭീകരനെ സുരക്ഷാഭടന്മാര്‍ വെടിവച്ച് കൊന്നു. മകന്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
ഹനുക്കാ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യഹൂദരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു. സംഭവസ്ഥലത്തേക്ക് ഭീകരര്‍ എത്തിയ കാറില്‍ നിന്ന് ഐഎസ് പതാകകള്‍ കണ്ടെത്തിയത് ഇക്കാര്യം സ്ഥിരീകരിക്കുന്നു. അക്രമികള്‍ മതഭീകരവാദ ആശയങ്ങളില്‍ പ്രചോദിതിതരാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കിയിട്ടുണ്ട്.
യഹൂദവിരോധം മതിയാക്കണമെന്നും, നമ്മുടെ ഹൃദയങ്ങളില്‍ നിന്ന് വെറുപ്പ് ഇല്ലാതാക്കണമെന്നും സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പോപ്പ് ലിയോ അഭിപ്രായപ്പെട്ടു.
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പരീക്ഷണ നിമിഷങ്ങളില്‍ ഓസ്‌ട്രേലിയക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. ഭീകരവാദത്തോട് ഒരുതരത്തിലുള്ള സഹിഷ്ണുതയും ഭാരതം കാണിക്കില്ലെന്നും, ആഗോള ഭീകരവാദത്തിന് എതിരായ പോരാട്ടത്തെ പിന്തുണയ്‌ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തെ അനുസ്മരിപ്പിക്കുന്നതാണ് സിഡ്‌നി ആക്രമണം. മുംബൈയിലെത്തിയ ഇസ്ലാമിക ഭീകരരും ജൂത കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഒരു ജൂത പുരോഹിതനും സിഡ്‌നിയില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചവരില്‍പ്പെടുന്നു.
ഓസ്‌ട്രേലിയയില്‍ നടന്നത് ഭീകരാക്രമണം ആണെന്ന് അറിഞ്ഞിട്ടും കേരളത്തിലെ ഇടത്- ജിഹാദികളും കപട മതേതരവാദികളും അത് അറിഞ്ഞില്ലെന്ന് നടിക്കുകയാണ്. പാലസ്തീനോടും ഭീകര സംഘടനയായ ഹമാസിനോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മത്സരിക്കുന്നവരാണ് ഒന്നും പ്രതികരിക്കാതെ ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണില്‍ തലപൂഴ്‌ത്തിയിരിക്കുന്നത്. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തോടും, കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തോടും ഇക്കൂട്ടര്‍ ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചത്.
ആഗോള ഭീകരവാദത്തിന് മതമുണ്ടെന്ന അനിഷേധ്യമായ സത്യമാണ് സിഡ്‌നി ഭീകരാക്രമണത്തിലും തെളിയുന്നത്. പാശ്ചാത്യ നാടുകളുടെ ലിബറല്‍ മനോഭാവം കൊണ്ട് ഈ വിപത്തിനെ നേരിടാനാകില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുന്നു. ഗാസയില്‍ ഹമാസ് ഭീകരര്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ചയാളാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. ഭാരതം നിരന്തരമായി ഇസ്ലാമിക ഭീകരാക്രമണത്തിന് വിധേയമായപ്പോള്‍ കാഴ്ചക്കാരായി നിന്നവരാണ് പല പാശ്ചാത്യ രാജ്യങ്ങളും. ഇക്കാര്യത്തില്‍ അവര്‍ക്ക് ഇനിയെങ്കിലും വീണ്ടുവിചാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.












