തിരുവനന്തപുരം:വര്‍ക്കലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച റിസോര്‍ട്ട് ജീവനക്കാര്‍ അറസ്റ്റില്‍. ഇടുക്കി ഏലപ്പാറ സ്വദേശി ജിജോ, വര്‍ക്കല സ്വദേശി ബിജിത്ത്, നെയ്യാര്‍ഡാം സ്വദേശി പ്രവീണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വര്‍ക്കല സ്‌കൈ ലാര്‍ക് റിസോര്‍ട്ടിലെ ജീവനക്കാരാണ് പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ മേല്‍വെട്ടൂര്‍ ജംഗ്ഷനിലാണ് സംഭവം പ്രതികള്‍ യാത്രക്കാരെ ഉപദ്രവിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന് ചെവിക്കും കവിളെല്ലിനും പരിക്കേറ്റെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികള്‍ പൊലീസുകാരുടെ യൂണിഫോം വലിച്ചു കീറുകയും ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തിയാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്.
















