തിരുവനന്തപുരം (15-12-2025): ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്. ഇക്കാര്യം സാധൂകരിക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന സമയത്ത് കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടായിരുന്നു. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള സിനിമകളുടെ സ്ക്രീനിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻ എംഎൽഎയും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷൻസ് കോടതിയി പോലീസിനോട് റിപ്പോർട്ട് തേടിയത്.
വനിതാ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണ് പി.ടി കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിരിക്കുന്നത്.ഐഎഫ്എഫ്‍കെയിലേക്കുള്ള മലയാളം സിനിമകളുടെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്നു പിടി കുഞ്ഞുമുഹമ്മദ്. ഇവിടെ വെച്ച് വനിതാ ചലച്ചിത്ര പ്രവർത്തകയോട് മോശമായി പെരുമാറിയതായാണ് പരാതി.














