ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എങ്ങിനെയും പുറത്താക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ വോട്ട് ചോരി, എസ്ഐആര്‍ റാലി ലക്ഷ്യമിടുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല.
മോദിക്കായി കബര്‍ കുഴിക്കും, ഇന്നല്ലെങ്കില്‍ നാളെ കുഴിക്കും എന്ന് കോണ്‍ഗ്രസിന്റെ അനുയായികള്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയും പൂനെവാല എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയെ നൂറിലേറെത്തവണ കോണ്‍ഗ്രസ് അധിക്ഷേപിച്ചിട്ടുണ്ട്. എസ്ഐആറിന്റെ പേരില്‍ അദ്ദേഹത്തെ ഇല്ലാതാക്കാനാണ് ശ്രമം. അടുത്തിടെ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനേയും ഭീഷണിപ്പെടുത്തിയെന്നും പൂനെവാല കൂട്ടിച്ചേര്‍ത്തു.
പ്രിയപ്പെട്ട നേതാവിനെ അപമാനിക്കുന്നത് പൊതുജനങ്ങള്‍ സഹിക്കില്ലെന്ന് ബിജെപി എംപി സംബിത് പത്രയും പ്രതികരിച്ചു. ദല്‍ഹിയില്‍ രാംലീല മൈതാനിയില്‍ മോദിക്കെതിരെ മുഴക്കിയ മുദ്രാവാക്യം നേരിട്ട് കേട്ടിട്ടില്ല, പക്ഷേ ഇക്കാര്യം സൂക്ഷ്മമായി പരിശോധിക്കും. അത്തരത്തിലൊന്ന് ഉയര്‍ന്നിട്ടുണ്ടെങ്കില്‍ ജനവികാരം മനസിലാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നതാണ് സൂചിപ്പിക്കുന്നത്. മോദിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരേ എപ്പോഴൊക്കെ കോണ്‍ഗ്രസ് അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചിട്ടുണ്ടോ അപ്പോഴെല്ലാം പൊതുജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്, സാംബിത് പത്ര പറഞ്ഞു.
















