പാലക്കാട്/കൊച്ചി: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട് നഗരസഭയില്‍ ഹാട്രിക് വിജയവുമായി ബിജെപി. 53 വാര്‍ഡുകളിലെ 25 എണ്ണത്തില്‍ മിന്നും വിജയത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ഭരണം തുടരും.
എറണാകുളത്ത് തൃപ്പൂണിത്തുറ നഗരസഭയില്‍ ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തിലേക്ക്. 53 സീറ്റില്‍ 21 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞ തവണ 17 സീറ്റായിരുന്നത് ഇത്തവണ 21 ആയി ഉയര്‍ത്തി. യുഡിഎഫ് 12 സീറ്റും എല്‍ഡിഎഫ് 20 സീറ്റുമാണ് നേടിയത്.
പാലക്കാട്ട് നഗരസഭ വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന ട്രഷററുമായ അഡ്വ. ഇ. കൃഷ്ണദാസ്, ജില്ലാ ജനറല്‍ സെക്രട്ടറിയും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനുമായ പി. സ്മിതേഷ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയും ജില്ലാ വൈസ് പ്രസിഡന്റുമായ ടി. ബേബി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ടി.എസ്. മീനാക്ഷി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ മിനി കൃഷ്ണകുമാര്‍ എന്നിവരാണ് വിജയിച്ച പ്രമുഖര്‍.
പുതുതായി രൂപീകരിച്ച പത്താം വാര്‍ഡ് മുരുകണിയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനുമായ പി. സ്മിതേഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡിസിസി അംഗമായ ഭവദാസിനെതിരേ ശ്രദ്ധേയ വിജയം നേടി. 19-ാം വാര്‍ഡ് കൊപ്പത്ത് ബിജെപിയുടെ എം. ശശികുമാര്‍ കെപിസിസി സെക്രട്ടറി പി.വി. രാജേഷിനെയാണ് തോല്‍പ്പിച്ചത്. യുഡിഎഫ് 18 വാര്‍ഡുകളിലും, എല്‍ഡിഎഫ് ഒന്‍പതിലും വിജയിച്ചു. ഒരു വാര്‍ഡ് സ്വതന്ത്രന്‍ നേടി.
തൃപ്പൂണിത്തുറയില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍: വിജയശ്രീ കെ.ആര്‍ (10), വള്ളി രവി (12), ഇന്ദിര സതീശന്‍ (25), ഡെയ്‌സന്‍ പി.ആര്‍ (26), അഡ്വ. പി.എല്‍. ബാബു (28), ഷീന ഹരീഷ് (30), രജനി ചന്ദ്രന്‍ (31), വള്ളി മുരളീധരന്‍ (32), ശ്യാമളകുമാരി (34), യു. മധുസൂദനന്‍ (35), രാധിക വര്‍മ (36), സന്ധ്യ അജിത് (37), അഡ്വ. രമാദേവി (38), സാവിത്രി നരസിംഹറാവു (39). കല ഉണ്ണിക്കൃഷ്ണന്‍ (40), അരുണ്‍ എസ്. (41), അഞ്ജു ഉമേഷ് (42), മീര ജയന്‍ (43), ആനന്ദ് ജി. മേനോന്‍ (44), ശ്രീക്കുട്ടന്‍ തുണ്ടത്തില്‍ (46), ശോണിമ നവീന്‍ (51).
















