കോട്ടയം: കെ. എം മാണിയുടെ കാലത്ത് പാലാക്കാരുടെ ചങ്കെന്ന് വിശേഷപ്പിച്ചിരുന്ന കേരള കോണ്‍ഗ്രസ് എമ്മിന് ഏക കച്ചിത്തുരുമ്പും നഷ്ടമായി. പാലാ നഗരസഭ ഇനി ബിനു പുളിക്കക്കണ്ടത്തിന്‌റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കൂട്ടായ്‌മയുടെ പിന്തുണയില്‍ യു.ഡിഎഫ് ഭരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തോറ്റ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് പാലാ നഗരസഭയായിരുന്നു ഏക ആശ്രയം. അവിടെയും ഭരണം നഷ്ടപ്പെടുന്നതോടെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലായി മാണി വിഭാഗം. പതിറ്റാണ്ടുകളായ കേരള കോണ്‍ഗ്രസ് ഭരിച്ചിരുന്ന പാലാ നഗരസഭയാണ് മാണി വിഭാഗത്തിന് നഷ്ടപ്പെടുന്നത്. ഇടതുമുന്നണിയില്‍ ചേര്‍ന്ന ശേഷമുള്ള ഏറ്റവും ഒടുവിലത്തെ ദയനീയ പരാജയം.
തദ്‌ദേശ തിരഞ്ഞെടുപ്പില്‍ മാണി ഗ്രപ്പ് ഉള്‍പ്പെടുന്ന എല്‍ഡിഎഫിന് പന്ത്രണ്ട് സീറ്റും യു.ഡി എഫിന് പത്തു സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ഒത്താശയില്‍ ജയിച്ചു കയറിയ ബിനു പുളിക്കക്കണ്ടത്തിന്‌റെ സ്വതന്ത്ര കൂട്ടായ്‌മയുടെ പിന്തുണ കോണ്‍ഗ്രസിന് ഉറപ്പാണ്. ബിനുവിന്‌റെ അനുഗ്രഹാശിസില്‍ ജയിച്ച കോണ്‍ഗ്രസ് വിമത മായാ രാഹുലും കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കും. ഇതോടെ യുഡി എഫിന് പതിനാലു സീറ്റ് ആകും. ഭരണം നേടാന്‍ ഇതു മതിയാകും.
















