തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രമേശ് ചെന്നിത്തല മൊഴി നല്‍കാന്‍ തയ്യാറായെങ്കിലും ഉദ്യോഗസ്ഥരുടെ അസ്വൗകര്യം പറഞ്ഞ് മാറ്റി വയ്‌പ്പിച്ചതിനു പിന്നില്‍ പിണറായി സര്‍ക്കാരിന്‌റെ രാഷ്‌ട്രീയ ലക്ഷ്യമെന്ന് ആക്‌ഷേപമുയരുന്നു. രണ്ടാം ഘട്ട തദ്‌ദേശ വോട്ടെടുപ്പു കൂടി കഴിഞ്ഞിട്ട് മൊഴിയെടുപ്പു മതിയെന്ന് ഉന്നതരില്‍ നിന്ന് നിര്‍ദേശമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
ശബരിമലയില്‍ നിന്ന് അടിച്ചുമാറ്റിയ സ്വര്‍ണം അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ വിറ്റുവെ ന്ന് ഒരു വ്യവസായി തന്നോട് പറഞ്ഞെന്നും ഇതു സംബന്ധിച്ച് രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്നും ചെന്നിത്തല എസ്.ഐ.ടിയെ അറിയിച്ചിരുന്നു. ഇതിനായി ബുധനാഴ്ച മൊഴി നല്‍കാന്‍ ഹാജരാകാന്‍ ചെന്നിത്തലയോട് നിര്‍ദേശിച്ചിരുന്നതുമാണ്. എന്നാല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അസൗകര്യം ചൂണ്ടിക്കാട്ടി മൊഴിയെടുപ്പ് മാറ്റുകയായിരുന്നു.
പുരാവസ്തു കള്ളക്കടത്ത് സംഘത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല എസ്‌ഐടി തലവന്‍ എച്ച്.വെങ്കടേഷിന് കത്തു നല്‍കയതോടെയാണ് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. രാജ്യാന്തര കള്ളക്കടത്തു സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചുവെന്നും ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വോട്ടെടുപ്പി തീരുന്നതിനു മുന്‍പ് ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിലേക്കു വീണ്ടും കൊണ്ടുവരാതിരിക്കാനുള്ള തന്ത്രമായാണ് മൊഴിയെടുപ്പ് മാറ്റത്തെ വിലയിരുത്തുന്നത്.
















