ആലപ്പുഴ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ ഇടതു-വലതു രാഷ്‌ട്രീയം നിയന്ത്രിക്കുന്നത് തീവ്രഇസ്ലാമിക സംഘടനകള്‍. ഓരോ തെരഞ്ഞെടുപ്പ് കാലയളവിലും സിപിഎമ്മും, കോണ്‍ഗ്രസും തമ്മില്‍ പ്രധാന രാഷ്‌ട്രീയപോരാട്ടം നടക്കുന്നത് ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ പേരിലാണ്. മാറിമാറി ഇരുമുന്നണികളും തരാതരം പോലെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടുകയും പിന്നീട് അവര്‍ അജണ്ട നിശ്ചയിക്കുകയും ചെയ്യുന്നതാണ് അവസ്ഥ.
ഓരോ തെരഞ്ഞെടുപ്പ് കാലയളവിലും ഇടതുവലതു മുന്നണികള്‍ തീവ്ര മുസ്ലീം സംഘടനകളുടെ പിന്തുണ നേടുന്നതിനുള്ള മത്സരമാണ് നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി തീവ്ര വര്‍ഗീയ സംഘടനയാണോ എന്നതിലായിരുന്നു ഇത്തവണ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള പ്രധാന തര്‍ക്കം. ഇതര മുസ്ലീം സംഘടനകളായ സമസ്തയും സലഫികളും പോലും ആവര്‍ത്തിച്ച് ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദ സംഘടനയെന്ന് വിശേഷിപ്പിക്കുമ്പോഴാണ് കോണ്‍ഗ്രസും സിപിഎമ്മും ഇവരുമായി രഹസ്യമായും പരസ്യമായി കൂട്ടുകൂടുന്നത്.
ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയും, സിപിഎം സംസ്ഥാന സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമിയുമായുള്ള മുന്‍ ബാന്ധവങ്ങള്‍ മറച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പൊളിഞ്ഞുവീണു. ജമാഅത്തെ ഇസ്ലാമിക്കാര്‍ തന്നെ സിപിഎമ്മും, തങ്ങളുമായി കാലങ്ങളായുള്ള ബന്ധവും ചര്‍ച്ചകള്‍ നടത്തിയതും തുറന്നു പറഞ്ഞതോടെ സിപിഎമ്മിന്റെ പൊയ്‌മുഖം അഴിഞ്ഞുവീണു. കോണ്‍ഗ്രസ് ആകട്ടെ ജമാഅത്തെ ഇസ്ലാമിയുമായുള്ള പരസ്യബന്ധത്തെ വെള്ളപൂശുകയാണ്. ഒരു കാലത്ത് ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞ മുസ്ലീംലീഗ് പോലും അവര്‍ക്കു മുന്നില്‍ കീഴടങ്ങി കഴിഞ്ഞു.
അടുത്തിടെയായി നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം അജണ്ട നിശ്ചയിക്കുന്നത് തീവ്രമുസ്ലീം സംഘടനകളാണ്. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ഇതില്‍ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ ഇടതുവലതു മുന്നണികള്‍ തമസ്‌കരിക്കുന്നു എന്നാണ് ആക്ഷേപം. മുന്‍ കാലങ്ങളില്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ തെരഞ്ഞെടുപ്പ് കാലയളവില്‍ പുറത്തുവിടുന്നതും പതിവാണ്. സിപിഎമ്മും, കോണ്‍ഗ്രസും സഹായം തേടുന്ന വലിയ സ്വാധീനം തങ്ങള്‍ക്കുണ്ടെന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തി മുഖ്യധാരയിലെത്തുക എന്ന കൃത്യമായ അജണ്ടയും ഇതിന് പിന്നിലുണ്ട്.
നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുമായി രഹസ്യ നീക്കുപോക്ക് നടത്തുന്ന ഇടതുവലതുമുന്നണികള്‍ പരസ്യമായി ഇക്കാര്യം നിഷേധിക്കുന്നത് പൊതുസമൂഹത്തിലെ സ്വീകാര്യത ഭയന്നാണെങ്കിലും അതിനേക്കാള്‍ തീവ്രനിലപാടുള്ള ജമാഅത്തെ ഇസ്ലാമി, സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും തെരഞ്ഞെടുപ്പ് അജണ്ടകളെ വരെ സ്വാധീനിക്കുന്ന നിലയിലെത്തി. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നേരത്തെ തന്നെ പലവിധത്തില്‍ ആധിപത്യം തുടരുന്ന ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പുകളിലും അജണ്ട നിശ്ചയിക്കുകയാണെന്നാണ് സിപിഎം അനുകൂലികള്‍ പോലും ചൂണ്ടിക്കാട്ടുന്നത്.
















